രാംപുര്‍ (യു.പി.) : രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം മൊബൈല്‍ ഫോണുകളാണെന്ന് സമാജ് വാദിപാര്‍ട്ടി നേതാവ് അസം ഖാന്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസം ഖാന്റെ പരാമര്‍ശം.
രണ്ടരവയസ്സ് മാത്രമുള്ള കുഞ്ഞുവരെബലാത്സംഗത്തിനിരയാകുന്നു. കാരണം, മൊബൈല്‍ ഫോണ്‍തന്നെ. മൊബൈല്‍ ഫോണുകളുടെ ബാഹുല്യം കാരണമാണെന്ന് അസം ഖാന്‍ പറഞ്ഞു.
നഗര, ഗ്രാമ മേഖലകളില്‍ മൊബൈല്‍ ഫോണുകള്‍ യഥേഷ്ടം ലഭിക്കുന്നതാണ് ബലാത്സംഗം അനിയന്ത്രിതമായി ഉയരാന്‍ കാരണമെന്നായിരുന്നു അസം ഖാന്റെ കണ്ടെത്തല്‍. ഗ്രാമങ്ങളില്‍ പോലും ജനങ്ങള്‍ക്ക് മൊബൈലില്‍ നിന്നും ഓരോ കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതിലെ ഉള്ളടക്കങ്ങള്‍ കൊച്ചുകുട്ടികളില്‍ പോലുമെത്തുമെന്ന് അസം ഖാന്‍ ചൂണ്ടിക്കാട്ടി.
യുവാക്കള്‍ മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് ബലാത്സംഗക്കേസുകള്‍ പെരുകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പ്രായപരിധിപോലും നിശ്ചയിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്തവരും ഇത് ഉപയോഗിക്കുന്നു. യുവാക്കളുടെ ശ്രദ്ധ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അസംഖാന്‍ ആവശ്യപ്പെട്ടു.
അതിനിടെ ബലാത്സംഗം പോലുള്ള സമൂഹം നേരിടുന്ന ഗൗരവകരമായ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുന്ന അസം ഖാന്റെ നിലപാടിനെതിരേ വനിതാ സംഘടനകള്‍ രംഗത്തെത്തി.
















