ചെന്നൈ: ഒടുവില്‍ വിരാട് വിശ്വരൂപവുമായി അവതരിച്ചു. 13 ഇന്നിങ്‌സുകള്‍ക്കു ശേഷം ശതകവുമായി തിരിച്ചു കയറിയ വിരാട് കോഹ്‌ലിയുടെ (138) മികവില്‍ ദക്ഷിണാഫ്രിക്കയെ 35 റണ്‍സിനു കീഴടക്കി ഇന്ത്യ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി (2-2). 25ന് മുംബൈയിലെ അവസാന മത്സരം പരമ്പര ജേതാക്കളെ നിശ്ചയിക്കും. 23 സെഞ്ചുറി കുറിച്ച വിരാട് കളിയിലെ താരം.
ഭാഗ്യവേദിയായ ചെപ്പോക്കില്‍ ടോസ് തുണച്ച എം.എസ്. ധോണിക്ക് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ ഏറെ ചിന്തിക്കേണ്ടിവന്നില്ല. എന്നാല്‍, രോഹിത് ശര്‍മയും (21), ശിഖര്‍ ധവാനും (ഏഴ്) നിരാശപ്പെടുത്തിയതോടെ ആശങ്ക. തുടര്‍ന്ന് കണ്ടത് വിരാട വിസ്മയം. ആദ്യം അജിങ്ക്യ രഹാനെയ്‌ക്കൊപ്പവും (45), പിന്നെ സുരേഷ് റെയ്‌നയ്‌ക്കൊപ്പവും (53) വിരാട് പൊരുതിയപ്പോള്‍ പരമ്പരയിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ക്ഷീണിതരായി. 140 പന്തില്‍ ആറു ഫോറും അഞ്ചു സിക്‌സറും പറത്തി അഞ്ചാമനായി വിരാട് മടങ്ങുമ്പോഴേക്കും ടീം 291ലെത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ അജിങ്ക്യയ്‌ക്കൊപ്പം 104 റണ്‍സ് ചേര്‍ത്ത് അടിത്തറയിട്ട വിരാട്, നാലാം വിക്കറ്റില്‍ റെയ്‌നയ്‌ക്കൊപ്പം 127 റണ്‍സ് നേടി ടീമിനെ ഭദ്രമായ നിലയിലുമെത്തിച്ചു. ഫോമില്ലാതെ ഉഴലുന്ന റെയ്‌നയും ഫോം കണ്ടെത്തിയെന്നത് ആശ്വാസം. എം.എസ്. ധോണിക്ക് 15 റണ്‍സെടുക്കാനെ ആയുള്ളു. റബഡയും സ്റ്റെയ്‌നും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍, ക്രിസ് മോറിസിന് ഒരു വിക്കറ്റ്.
ദക്ഷിണാഫ്രിക്കയെ പോലൊരു ടീമിന് എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നെങ്കിലും, ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യത അവരെ തടഞ്ഞു. ശരാശരി ആറു റണ്ണിലേറെ വഴങ്ങിയത് ഭുവനേശ്വര്‍ കുമാര്‍ മാത്രം. എന്നാല്‍, ഭുവനേശ്വര്‍ മൂന്നു വിക്കറ്റെടുത്തു. ഹര്‍ഭജന്‍ രണ്ട് ഇരകളെ കണ്ടെത്തിയപ്പോള്‍, മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. നായകന്‍ എ.ബി. ഡിവില്ലേഴ്‌സിനു മാത്രമേ ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായുള്ളു. 107 പന്തില്‍ 10 ഫോറും രണ്ടു സിക്‌സറുമടക്കം 112 റണ്‍സെടുത്തു ഡിവില്ലേഴ്‌സ്. കരിയറില്‍ 22ാം സെഞ്ചുറി. ക്വിന്റണ്‍ ഡി കോക്ക് (43), ഫഹര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ (22), ആരോണ്‍ ഫംഗിസോ (20), ഹാഫെ ഡ്യു പ്ലെസിസ് (17) എന്നിവരും രണ്ടക്കം കണ്ടു. ഹാഷിം അംല (ഏഴ്) തുടരെ നാലാം മത്സരത്തിലും നിരാശപ്പെടുത്തി.
















