മുംബൈ: വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ലീഗിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഫ്രാഞ്ചൈസി സ്വന്തമാക്കി. ഇപ്പോൾ ജയിലിലുള്ള ദത്തിനായി ഭാര്യ മാന്യതയാണ് ഫ്രാഞ്ചൈസി വാങ്ങിയത്. ക്രിക്കറ്റ് ഇതിഹാസങ്ങൾ സച്ചിൻ ടെൻഡുൽക്കറും ഷെയ്ൻ വോണും ചേർന്ന് ആരംഭിക്കുന്ന ലീഗിന് വേദിയാകുന്നത് ദുബായ്.
കായിക വിനോദങ്ങളിൽ താത്പര്യമുണ്ടെന്നും ഇതിഹാസ താരങ്ങൾ കളിക്കുന്ന ലീഗിന്റെ ഭാഗമാകാൻ സാധിക്കുന്നത് ആവേശകരമെന്നും മാന്യത പറഞ്ഞു. സഞ്ജയ് ജയലിൽനിന്ന് പുറത്തിറങ്ങുന്നതു വരെ സിഎഎ ക്വവാൻ എന്ന ടാലന്റ് മാനെജ്‌മെന്റ് കമ്പനിയാകും ഫ്രാഞ്ചൈസിയുടെ കാര്യങ്ങൾ നോക്കുക. മാർഷ്യൽ ആർട്ട്‌സിനു വേണ്ടി 2012ൽ രൂപീകരിച്ച സൂപ്പർ ഫൈറ്റ് ലീഗിലാണ് സഞ്ജയ് ദത്ത് ആദ്യമായി നിക്ഷേപം നടത്തുന്നത്. ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയായിരുന്നു പങ്കാളി.
ഇന്ത്യൻ നായകൻ എം.എസ്. ധോണിയുടെ സുഹൃത്തും മാനേജരുമായ അരുൺ പാണ്ഡെയും മാസ്റ്റേഴ്‌സ് ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്.
















