പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ പ്രമുഖര്‍ക്ക് കുരുക്ക്. സ്പാനിഷ് കരുത്തര്‍ റയല്‍ മാഡ്രിഡിനെ പാരീസ് സെന്റ് ജര്‍മന്‍ തളച്ചപ്പോള്‍ (0-0), ഇംഗ്ലണ്ടിലെ പ്രതാപികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സിഎസ്‌കെഎ മോസ്‌കോ പിടിച്ചുകെട്ടി (1-1). നിലവിലെ റണ്ണറപ്പ് ഇറ്റലിയില്‍നിന്നുള്ള യുവന്റസിനെ ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കും കുരുക്കി (0-0). അതേസമയം, സ്പാനിഷ് ശക്തികള്‍ അതല്റ്റികോ മാഡ്രിനും, ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. അത്‌ലറ്റികോ മടക്കമില്ലാത്ത നാലു ഗോളിന് കസാഖിസ്ഥാനില്‍നിന്നുള്ള അസ്താനയെ തുരത്തിയപ്പോള്‍, സിറ്റി സ്പാനിഷ് ടീം സെവിയ്യയെ കീഴടക്കി (2-1).
പാരീസില്‍ റയലിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്തി സെന്റ് ജര്‍മന്‍. സമനിലയോടെ ഇരു ടീമുകള്‍ക്കും ഏഴ് പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ റയല്‍ ഒന്നാമത് തുടരുന്നു. ഗ്രൂപ്പിലെ രണ്ടാമങ്കത്തില്‍ സ്വീഡനിലെ മാല്‍മോ സ്വന്തം മൈതാനത്ത് ഉക്രൈന്‍ ടീം ഷാക്തര്‍ ഡോണെറ്റ്‌സ്‌ക്കിനെ 1-0ന് വീഴ്‌ത്തി. പതിനേഴാം മിനിറ്റില്‍ റോസന്‍ബോര്‍ഗ് സ്‌കോറര്‍. മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുള്ള മല്‍മോ മൂന്നാം സ്ഥാനത്ത്. ഷക്തര്‍ അവസാനക്കാര്‍.
ഗ്രൂപ്പ് ബിയില്‍ ജയിച്ച് ഒന്നാമതെത്താനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമം സിഎസ്‌കെഎ മോസ്‌കോ സ്വന്തം മൈതാനത്ത് നുള്ളിക്കളഞ്ഞു.
പതിനഞ്ചാം മിനിറ്റില്‍ ഡൗംബിയയിലൂടെ മോസ്‌കോ ടീം മുന്നില്‍. 65ാം മിനിറ്റില്‍ മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ സമനില ഗോള്‍ കണ്ടെത്തി. മൂന്ന് കളികളില്‍ നിന്ന് നാലു പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്ത്. നാലു പോയിന്റുള്ള സിഎസ്‌കെഎ നാലാമത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പിഎസ്‌വി ഐന്തോവനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് വോള്‍വ്‌സ്ബര്‍ഗ് ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആറു പോയിന്റുണ്ട് അവര്‍ക്ക്. പിഎസ്‌വി മൂന്നു പോയിന്റുമായി നാലാം സ്ഥാനത്ത്.
ഗ്രൂപ്പ് സിയില്‍ തകര്‍പ്പന്‍ ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡ് മുന്നില്‍. സ്വന്തം മണ്ണിലാണ് അസ്താനയെ അവര്‍ മുക്കിയത്. സൗള്‍ നിഗ്വെസി, മാര്‍ട്ടിനെസ്, ഒലിവര്‍ ടോറസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നാലാമത്തേത് സെല്‍ഫ് ദഗോള്‍. മൂന്നു കളികളില്‍ ആറു പോയിന്റുണ്ട് അത്‌ലറ്റികോയ്‌ക്ക്. പോര്‍ച്ചുഗല്‍ ടീം ബെനഫിക്കയ്‌ക്കും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരി അത്‌ലറ്റികോയ്‌ക്ക് തുണ. ഗ്രൂപ്പില്‍ ഒന്നാമതായിരുന്ന ബെനഫിക്കയ്‌ക്ക് ഇസ്താംബൂളില്‍ തര്‍ക്കി ടീം ഗളത്‌സരെയോട് തോറ്റതാണ് വിനയായത്. ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍വി. ജയത്തോടെ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഗളത്‌സരെ.
ഗ്രൂപ്പ് ഡിയില്‍ സ്വന്തം മൈതാനത്ത് ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനോട് സമനിലയില്‍ കുരുങ്ങേണ്ടിവന്നത് യുവന്റസിന് തിരിച്ചടിയായി. ഏഴു പോയിന്റുമായി ഒന്നാമതെങ്കിലും വ്യക്തമായ ലീഡ് നേടാനുള്ള അവസരമാണ് അവര്‍ കൈവിട്ടത്. തിരിച്ചടി നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. സെവിയ്യയെ 2-1ന് കീഴടക്കിയതോടെ ആറു പോയിന്റായി സിറ്റിക്ക്. 30ാം മിനിറ്റില്‍ കൊനൊപ്ലാങ്കയിലൂടെ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും, റാമിയുടെ സെല്‍ഫ് ഗോള്‍ സിറ്റിയെ ഒപ്പമെത്തിച്ചു. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ കെവിന്‍ ഡി ബ്ര്യൂണ്‍ സിറ്റിയെ വിജയിത്തിലെത്തിച്ചു. മൂന്നു പോയിന്റുള്ള സെവിയ്യ മൂന്നാമത്. ബൊറൂസിയയ്‌ക്ക് ഒരു പോയിന്റ്.
















