വാഷിങ്ടണ്‍: കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഭാരതീയര്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഭാരതത്തില്‍ നിന്നും തായ്‌ലന്‍ഡ് വഴിയാണ് അമേരിക്കയിലേക്ക് കള്ളക്കടത്ത് നടത്തിയിരുന്നത്. നിലേഷ്‌കുമാര്‍ പട്ടേല്‍ (41), ഹര്‍ഷദ് മേത്ത (65) എന്നിവരാണ് അറസ്റ്റിലായത്.
വിമാനങ്ങളില്‍ വിദേശ പൗരന്മാരുടെ വശം കള്ളക്കടത്ത് വസ്തുക്കള്‍ അയക്കുന്നതിനായി ഇവര്‍ ഗൂഡാലോചന നടത്തിയതായി ഫെഡറല്‍ കോടതിയില്‍ യുഎസ് അറ്റോര്‍ണി പോള്‍ ജെ. ഫിഷ്മാന്‍ പറഞ്ഞു. ഇവര്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരും. പട്ടേലിനെതിരെ ആറ് കുറ്റങ്ങളും മേത്തക്കെതിരെ നാല് കുറ്റങ്ങളുമാണ് ആരോപിച്ചിരിക്കുന്നത്. ഇവര്‍ക്ക് പരാമാവധി 10 വര്‍ഷം തടവ് ലഭിക്കാവുന്ന കേസാണ് എടുത്തിരിക്കുന്നത്.
ഭാരതത്തില്‍ നിന്നും വിദേശികള്‍ വഴി അമേരിക്കയിലേക്ക് കള്ളക്കടത്ത് നടത്തുന്നതായി ഹോംലാന്‍ഡ് പോലീസിന് പരാതി ലഭിച്ചിരുന്നു. കള്ളക്കടത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദേശപൗരന്മാര്‍ക്ക് 10000 ഡോളര്‍ മുതല്‍ 50000 ഡോളര്‍ വരെയാണ് നല്‍കിയിരുന്നത്.















