ന്യൂദല്‍ഹി: രാജ്യത്ത് എട്ടുമേഖലയില്‍ തൊഴില്‍ രംഗത്ത് വന്‍ വര്‍ദ്ധന. 5.21 ലക്ഷം തൊഴിലവസരങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ ഈ സാമ്പത്തികവര്‍ഷം അധികമായി ഉണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌വരെ മാത്രം 64,000 പേര്‍ക്ക് തൊഴിലവസരം കൂടുതല്‍ കിട്ടി.
ഐടി-ബിപി, ഓട്ടോമൊബൈല്‍, ജംസ് ആന്‍ഡ് ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ വര്‍ദ്ധന ഉണ്ടായതെന്നു കണക്കുകള്‍ പറയുന്നു. സാമ്പത്തികമാന്ദ്യം ആഗോളതലത്തില്‍ വമ്പിച്ച തോതില്‍ തൊഴിലിടിച്ചില്‍ ഉണ്ടാക്കുമ്പോള്‍ ഭാരതത്തില്‍നിന്നുള്ള ഈ വാര്‍ത്ത ലോകത്തെ അതഭുതപ്പെടുത്തുകയാണ്.
തൊഴിലിലെ മാറ്റം സംബന്ധിച്ച് ലേബര്‍ ബ്യൂറോകളുടെ 25-ാമത് വര്‍ഷപാദ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ 2014-15 കാലത്ത് 1.82 ലക്ഷം, 1.58 ലക്ഷം, 1.17 ലക്ഷം എന്നിങ്ങനെയായിരുന്നു തൊഴിലെണ്ണം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍, യുപിഎ ഭരണത്തില്‍, ആദ്യപാദത്തില്‍ തൊഴില്‍ അവസരം 36,000 ആയിരുന്നു. അതാണ് ഈ വര്‍ഷം 64,000 ആയത്.
മേഖല തിരിച്ചാല്‍, ഏറ്റവും കൂടുതല്‍ വര്‍ദ്ധന ഐടി-ബിപിഒ മേഖലയിലാണ്. തൊട്ടുപിന്നില്‍ വസ്ത്രവ്യാപാര മേഖല. മൂന്നാം സ്ഥാനത്ത് ഓട്ടോമൊബൈല്‍ രംഗമാണ്.
തുകല്‍ ഉല്‍പ്പന്ന മേഖലയിലാണ് തൊഴില്‍ അവസരം ഏറ്റവും കുറഞ്ഞത്. ഗതാഗതം, കൈത്തറി-മെഷീന്‍ തറി നെയ്‌ത്തു മേഖലയിലും കുറഞ്ഞു.
സ്ഥിരം തൊഴില്‍ മേഖലയില്‍ 15,000 അവസരവും കരാര്‍ മേഖലയില്‍ 49,000 അവസരവുമാണ് മാര്‍ച്ച് 2015 ല്‍ കഴിഞ്ഞ അവസാന പാദ ഘട്ടത്തില്‍ തൊഴില്‍രംഗത്ത് വര്‍ദ്ധിച്ചത്. കയറ്റുമതി യൂണിറ്റുകളില്‍ 73,000 തൊഴിലവസരങ്ങള്‍ കൂടിയപ്പോള്‍ കയറ്റുമതിയില്ലാത്ത മേഖലയില്‍ 9,000 അവസരങ്ങള്‍ 2015 ജനുവരി-മാര്‍ച്ച് മാസത്തില്‍ കുറഞ്ഞുവെന്നും കണക്കുകള്‍ വിശദീകരിക്കുന്നു.
















