ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ ജയം. ചെന്നൈയിന്‍ എഫ്‌സിയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തുരത്തിയാണ് നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിലേക്ക് കയറിയത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ എണ്ണം പറഞ്ഞ രണ്ടു ഗോള്‍ ചെന്നൈയിന്‍ എഫ്‌സിയുടെ വിജയ പരമ്പരയ്‌ക്ക് വിരാമമിട്ടു. ഇഞ്ചുറി സമയത്ത് പെനല്‍റ്റിയിലൂടെ സിമാവോ സംബ്രോസയും നിക്കോളസ് വെലസുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്.
സ്വന്തം കാണികള്‍ക്കു മുന്നിലും ജയമില്ലാതെ തിരിച്ചു കയറേണ്ടി വരുമെന്ന ഭീതിയില്‍ നില്‍ക്കെ ഭാഗ്യത്തിന്റെ രൂപത്തില്‍ ആദ്യ ഗോള്‍ എത്തി. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ കാര്‍ലോസ് വെലസും സിമാവോയും ചേര്‍ന്നുള്ള നീക്കം ഗോളിനു വഴിതുറന്നു. വെലസ് നല്‍കിയ പന്തുമായി മുന്നേറാന്‍ ശ്രമിച്ച സിമാവോയെ ബോക്‌സില്‍ ജയേഷ് റാണ വലിച്ചിട്ടു. ഒട്ടും താമസിയാതെ റഫറിയുടെ കൈ പെനല്‍റ്റി സ്‌പോട്ടിലേക്ക്. സിമാവോ പോസ്റ്റിലേക്ക് തൊടുത്ത പന്ത് ഇടതു മൂലയില്‍ കയറുമ്പോള്‍ ചെന്നൈയിന്‍ താരങ്ങള്‍ തലയില്‍ കൈവച്ചു പോയി.
ഗോള്‍ മടക്കാനുള്ള ചെന്നൈയിന്റെ ശ്രമം തടഞ്ഞുള്ള പ്രത്യാക്രമണത്തില്‍നിന്ന് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോള്‍. സഞ്ജു പ്രഥാനും നിക്കോളസ് വെലസും നീക്കത്തിനു പിന്നില്‍. ഓട്ടത്തിനിടയില്‍ സഞ്ജു പന്ത് വലതു പാര്‍ശ്വത്തിലൂടെ മുന്നേറിയ വെലസിനു നല്‍കി. ഗോളിയെ കബളിപ്പിച്ച് വെലസ് പന്ത് അനായാസം വലയിലേക്കു നിക്ഷേപിച്ചതോടെ വടക്കു കഴിക്ക് സംഘത്തിന്റെ ആദ്യ ജയം രാജകീയമായി.
















