ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം. ചെല്‍സി ആസ്റ്റണ്‍ വില്ലയെ മടക്കമില്ലാത്ത രണ്ടു ഗോളിന് വീഴ്‌ത്തിയപ്പോള്‍, യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളിന് എവര്‍ട്ടണെ തുരത്തി. ഇതേ സ്‌കോറിന് ആഴ്‌സണല്‍ വാറ്റ്‌ഫോഡിനെയും കീഴടക്കി. സിറ്റി 5-1ന് എഎഫ്‌സി ബേണ്‍മൗത്തിനെ മുക്കി.
ഡീഗോ കോസ്റ്റയും ഹട്ടണിന്റെ സെല്‍ഫ് ഗോളുമാണ് ചെല്‍സിക്ക് ജയം സമ്മാനിച്ചത്. മോര്‍ഗന്‍ ഷ്‌നെയ്‌ഡെര്‍ലിന്‍, ആന്‍ഡര്‍ ഹെരേര, വെയ്ന്‍ റൂണി എന്നിവര്‍ യുണൈറ്റഡിന്റെ സ്‌കോറര്‍മാര്‍. അലക്‌സി സാഞ്ചസ്, ഒലിവര്‍ ഗിറൗഡ്, ആരോണ്‍ റംസേ എന്നിവര്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയമൊരുക്കി. റഹിം സ്റ്റെര്‍ലിങ്ങിന്റെ ഹാട്രിക്കും വില്‍ഫ്രഡ് ബോണിയുടെ ഇരട്ട പ്രഹരവുമാണ് സിറ്റിയുടെ ഗോള്‍മഴയ്‌ക്കു തുണയായത്. മറ്റു കളികളില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് 3-0ന് ക്രിസ്റ്റല്‍ പാലസിനെയും വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയന്‍ 1-0ന് സണ്ടര്‍ലാന്‍ഡിനെയും കീഴടക്കി. സതാംപ്ടണ്‍-ലെയ്‌സെസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ (2-2).
















