മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സലോണ, വലന്‍സിയ ടീമുകള്‍ക്ക് ജയം. നെയ്‌മറുടെ നാലു ഗോള്‍ മികവില്‍ ബാഴ്‌സലോണ 5-2ന് റയൊ വല്ലെക്കാനോയെ തകര്‍ത്തപ്പോള്‍, വലന്‍സിയ മറുപടിയില്ലാത്ത മൂന്നു ഗോളിന് മലാഗയെ തുരത്തി.
നെയ്‌മര്‍ക്കു പുറമെ ലൂയി സുവാരസും സ്‌കോര്‍ ചെയ്തു.
ചാള്‍സിന്റെ സെല്‍ഫ് ഗോളും, ആന്ദ്രെ ഗോമസ്, ഡാനി പരെജോ എന്നിവരുടെ ഗോളുകളുമാണ് വലന്‍സിയയ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മറ്റു കളികളില്‍ എസ്പാന്യോള്‍ 3-1ന് റയല്‍ ബെറ്റിസിനെയും സെല്‍റ്റ ഡി വിഗോ 1-0ന് വിയ്യ റയലിനെയും കീഴടക്കി. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡും ജയം കണ്ടിരുന്നു.
ലെവന്റെയെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി റയല്‍. ഒരു ഗോളടിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ റയലിന്റെ ഏക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോഡും സ്വന്തമാക്കി.
















