മാവേലിക്കര: ഹോട്ടല്‍ ഉടമ പല്ലാരിമഗലം പുന്തിലേത്ത് വീട്ടില്‍ ഓമനക്കുട്ടന് പിള്ള കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി കണ്ണമംഗലം ഈരേഴ പറയന്റെകുറ്റിയില് ജ്യോതിഷ് ലാലിനെ ജീവപര്യന്തം തടവിനും 10,000രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി മുഹമ്മദ് വാസിം ഉത്തരവിട്ടു. പിഴ തുക കൊല്ലപ്പെട്ട ഓമനക്കുട്ടിന്പിള്ളയുടെ ഭാര്യ ഓമനയ്ക്ക് നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
2014 ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു തെക്കു വശത്തായി ഹോട്ടല്‍ നടത്തിയിരുന്ന ഓമനക്കുട്ടന് അടച്ച ശേഷം വീട്ടിലേക്ക് വരുന്ന വഴി നരേന്ദ്ര പ്രസാദ് ജങ്ഷനു സമീപമുള്ള സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചാപ്പലിന്റെ മുന്‍വശത്തു വെച്ചാണ് കൊല്ലപ്പെട്ടത്.
ഭാര്യയുമൊത്ത് വന്ന ഓമനക്കുട്ടന് പിള്ള വീടിന് സമീപമായി താമസിച്ചു വരുന്ന മകളുടെ വീട്ടില്‍ ഭാര്യയെ ഇറക്കിയശേഷം അവിടെ നിന്നും തന്റെ വീട്ടിലേക്ക് പോകവേ ആണ് സംഭവം നടന്നത്.
ഓമനക്കുട്ടന് പിള്ളയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജ്യോതിഷ്ലാല്‍ ഓമനക്കുട്ടന് പിള്ളയുടെ വയറ്റില്‍ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇതിനു ശേഷം ഓമനക്കുട്ടന് പിള്ളയുടെ കൈവശം ഉണ്ടായിരുന്ന പണം അടങ്ങിയ പേഴ്സും മൊബൈല്‍ ഫോണും പ്രതികള്‍ അപഹരിച്ചു.
സംഭവ സ്ഥലത്തോ ഓമനക്കുട്ടന് പിള്ളയുടെ വസ്ത്രങ്ങളിലോ ചോരപ്പാടുകള്‍ ഒന്നും കാണാതിരുന്നതിനാല്‍ ഓനമക്കുട്ടന്‍ പിള്ള ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് ആദ്യം ബന്ധുക്കളും നാട്ടുകാരും കരുതിയത്. എന്നാല്‍ വീട്ടിലെത്തി ഓമനക്കുട്ടന് പിള്ള ധരിച്ചിരുന്ന റെയിന്‍ കോട്ട് ഊരി മാറ്റിയ സമയം കുത്തേറ്റ ഭാഗത്ത് കൂടി കുടല് മാല പുറത്തു ചാടി കിടക്കുന്നത് കണ്ടപ്പോള്‍ മാത്രമാണ് കൊലചെയ്യപ്പെട്ടതാണെന്ന് മനസ്സിലായത്.
സംഭവ ശേഷം ഒന്നാം പ്രതി ജ്യോതിഷ് ലാല്‍ തന്റെ കാമുകിയുമായും സുഹൃത്തുക്കളുമായും മൊബൈല്‍ ഫോണുകളില്‍ നടത്തിയ വിൡകളില് നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
കേസില്‍ 34 സാക്ഷികളും 15 തൊണ്ടി മുതലുകളും 49 രേഖകളും പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 302, 341 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രമണന് പിള്ള, അഡ്വ: ഒമര്‍ സലീം, അഡ്വ: ജീവന് ജോയി എന്നിവര്‍ ഹാജരായി. കേസിലെ രണ്ടാംപ്രതി തെക്കേക്കര ഉമ്പര്‍നാട് തൂമ്പുങ്കല്‍ കിഴക്കേതില്‍ ബിബിന്‍ പി. കോശിയെ കോടതി വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഓമനക്കുട്ടന്‍പിള്ളയുടെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: