പാലാ: സെന്റ് തോമസ് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ആധുനിക നിര്‍മ്മാണ സാമഗ്രികളുടെ സഹായത്തോടെയാണ് 20000 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള പടുകൂറ്റന്‍ മേല്‍ക്കൂര നിര്‍മ്മിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലുപ്പമുള്ള സ്പോര്‍ട്സ് കോംപ്ലക്സ് മേല്‍ക്കൂരയെന്ന് അവകാശപ്പെടുന്ന ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് കൊച്ചിയില്‍ നിന്നെത്തിയ കമ്പനിയാണ്. ഏറ്റവും പുതുമയുള്ള നിര്‍മ്മാണ ശൈലിയാണ് കോംപ്ലക്സിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഷീറ്റുകള്‍ പാകുന്നതിനായി ഇരുമ്പ് കമ്പികളോ, മറ്റ് സംവിധാനങ്ങളോ ആവശ്യമില്ല. ഓവല്‍ രീതിയിലുള്ള ഷീറ്റുകള്‍ നേരിട്ട് ഭിത്തിയില്‍ ബോള്‍ട്ടുകള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബൂഷന്‍ കമ്പനി നിര്‍മ്മിക്കുന്ന അലുമിനിയവും സ്റ്റീലും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഗാല്വാലിയം തകിടുകള്‍ ഷീറ്റ് രൂപത്തിലാക്കിയാണ് പാകുന്നത്. റോള്‍ രൂപത്തിലുള്ള ഷീറ്റിനെ വാഹനത്തിലെ യന്ത്രസാമഗ്രിയുടെ സഹായത്തോടെ ഓവല്‍ രൂപത്തിലുള്ള ഷീറ്റാക്കി മാറ്റും. ഒരു ഷീറ്റിന് 29 മീറ്റര്‍ നീളമുണ്ട്. ഇത്തരം മൂന്ന് ഷീറ്റുകള്‍ ചേര്‍ത്ത് മറ്റൊരു പഞ്ചിംഗ് സംവിധാനം ഉപയോഗിച്ച് വലിയഷീറ്റായി മാറ്റും. പിന്നീട് കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് നിലത്തുനിന്നും 76 അടി ഉയരത്തിലുള്ള കോംപ്ലക്സിന്റെ മുകളിലെത്തിച്ച് 100 അടി വീതിയിലുള്ള ഭിത്തികളില്‍ ഉറപ്പിക്കും.
ഇരുമ്പ് കേഡറുകളോ, ഷീറ്റുകള്‍ക്ക് നട്ടുബോള്ട്ടുകളോ ആവശ്യമില്ല എന്നതാണ് ഈ ശൈലിയുടെ പ്രത്യേകത. ഒരാഴ്ച കൊണ്ട് റൂഫിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കും. ഷീറ്റുകളില്‍ നിന്ന് ശബ്ദമുണ്ടാവില്ല, ചൂടില്ല, ഒരിക്കല്‍ സ്ഥാപിച്ചാല്‍ പിന്നീട് 35 വര്‍ഷത്തേക്കെങ്കിലും അറ്റകുറ്റപണികള്‍ ഉണ്ടാവില്ല എന്നിവയാണ് നിര്‍മ്മാണത്തിന് കമ്പനി നല്കുന്ന വാഗ്ദാനം.
സെന്റ് തോമസ് കോളേജിന്റെ കായികമേഖലയിലെ സംഭാവനകള്‍ മാനിച്ച് യുജിസിയുടെ സഹായത്തോടെയാണ് നിര്‍മ്മാണം നടക്കുന്നത്. നീന്തല്‍കുളം, സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവ ഉള്‍പ്പെടെ 8 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 11-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.ജി.സി. ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും നീന്തല്ക്കുളനിര്മ്മാണത്തിനായി 1 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 4000 പേര്‍ക്ക് സുഗമമായി മത്സരം കാണുവാനുള്ള സൗകര്യം ഉണ്ടാകും. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും ഇരിപ്പിടങ്ങളും എല്ലാവിധ വൈദ്യുത സംവിധാനങ്ങളോടും കൂടി രാപ്പകല്‍ പരിശീലന സൗകര്യമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുവാനുള്ള സജ്ജീകരണങ്ങളോടും കൂടിയ നീന്തല്‍ക്കുളമാണ് നിര്‍മ്മിക്കുന്നത്. 50 മീറ്റര്‍ നീളവും 21 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതോടുകൂടി സ്കൂള്‍, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന അക്കാദമിയും സ്ഥാപിതമാകും.
പൊതുജന പങ്കാളിത്തത്തോടെയും എം.പി. ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവയുടെ ലഭ്യതയുടെയും സന്നദ്ധസംഘടനകളുടെയും സഹോദര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് നിര്‍മ്മാണചെലവിനുള്ള തുക കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: