ന്യൂദല്‍ഹി: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് അദ്ദേഹത്തിന്റെ എണ്‍പത്തിനാലാമത് ജന്മദിനത്തില് രാഷ്ട്രത്തിന്റെ ആദരം. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ. കലാമിന് ആദരാഞ്ജലിയര്‍പ്പിച്ചു. അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയില്‍ മോദി മാല ചാര്‍ത്തി.
വെല്ലുവിളികള്‍ കണ്ടെത്തി അവയെ നേരിട്ട ഡോ.കലാമിന്റെ ജീവിതം എല്ലാ ഭാരതീയര്‍ക്കും പ്രചോദനമാണെന്ന് മോദി പറഞ്ഞു. രാമേശ്വരത്ത് അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് സ്മാരകം നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമിതിയും രൂപീകരിച്ചു. അദ്ദേഹം പറഞ്ഞു.
രണ്ടു തരം ആള്‍ക്കാരാണ് ഉള്ളത്. അവസരങ്ങള്‍ തേടുന്നവരും വെല്ലുവിളികള്‍ തേടുന്നവരും. അവരില്‍ വെല്ലുവിളികള്‍ തേടി നടന്ന പ്രതിഭയായിരുന്നു കലാം. ജീവിതാവസാനം വരെ അദ്ദേഹം അതു തുടര്‍ന്നു. രാഷ്ട്രപതിയാകും മുന്‍പുതന്നെ രാഷ്ട്ര രത്നം ആയ വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രപതി പദവി കഴിഞ്ഞിറങ്ങിയ അദ്ദേഹം വീണ്ടും പഠിപ്പിക്കാനാണ് പോയത്. ആത്മാവിനുള്ളില്‍ പ്രതിബദ്ധതയില്ലാതെ ഒരാള്‍ക്കും ഇത് ചെയ്യാനാവില്ല. നമ്മുടെ യുവശാസ്ത്രജ്ഞര്‍ അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. മോദി പറഞ്ഞു.
നേരത്തെ മോദി കലാം അനുസ്മരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനവും മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, ശാസ്ത്ര സങ്കേതിക മന്ത്രി ഹര്ഷവര്ദ്ധന് തുടങ്ങിയവര്‍ പങ്കെടുത്തു. 2002 മുതല്‍ 2007വരെ രാഷ്ട്രപതിയായിരുന്ന ഡോ.കലാം 2015 ജൂലൈ 27നാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: