ആഗ്ര: യുപിയിലെ ദാദ്രി ബിഷാദാ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഭീകരസംഘടനകള്‍ തയ്യാറെടുക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന് ഉത്തര്‍പ്രദേശില്‍ പോലീസ് സുരക്ഷ ശക്തിപ്പെടുത്തി.
വിഎച്ച്പി നേതാവ് അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവരെയും കാശി വിശ്വനാഥ് ക്ഷേത്രവും അയോധ്യ ക്ഷേത്രവും ഭീകരര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരുടെ സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തിയത്. വിവിധ നഗരങ്ങളില്‍ നിശബ്ദമായിരിക്കുന്ന ഘടകങ്ങളെ ഉപയോഗിക്കാനാണ് പദ്ധതിയെന്നും ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും ഏജന്‍സികള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്.
ചോര്‍ത്തിയ സംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. സൈന്യവും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് വിധാന്‍ സഭ, അലഹബാദ് ഹൈക്കോടതി, കാണ്‍പൂര്‍ റെയില്‍ വേ സ്റ്റേഷന് തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനും നവരാത്രി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനുമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: