ഷിംല: സമ്പൂര്‍ണ ബീഫ് നിരോധന നിയമം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഗോവധം പൂര്‍ണമായി നിരോധിക്കണം. ബീഫിന്റെ കച്ചവടവും കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പശുക്കളെയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലികളെയും സംരക്ഷിക്കാനായി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗോവംശ് രക്ഷന് സംവര്‍ധന്‍ പരിഷത് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ രാജീവ് ശര്‍മ്മ, സുരേശ്വര്‍ താക്കൂര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
ജനുവരി ആറിനാണ് ഇക്കാര്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കുന്നത്. അന്നേ ദിവസം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൈക്രോചിപ്പുകള്‍ എല്ലാ മൃഗങ്ങളിലും ഘടിപ്പിക്കണം.
ആറു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒട്ടേറെ അപകടങ്ങള്‍ക്ക് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: