തിരുവനന്തപുരം: വിജെടി ഹാളിന്റെ മുന്നില്‍ നിന്ന് പാളയം ജൂബിലി ആശുപത്രിയിലേക്കുള്ള റോഡില്‍ സംസ്കൃത കോളേജിന്റെ മതില് തകര്‍ന്ന് രൂപംകൊണ്ട 12 അടി താഴ്ചയുള്ള കുഴിക്ക് ശാപമോക്ഷം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിന്റെ ഫലമായി കോളേജ് മതില് പുനര്‍നിര്‍മിച്ച് കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തു. മതില് പുനര്‍നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി ഇ-ടെണ്ടര്‍ പ്രസിദ്ധീകരിച്ചതായി പൊതുമരാമത്ത്-നഗരവികസന സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കമ്മീഷനെ രേഖാമൂലം അറിയിച്ചു. ജൂബിലി ആശുപത്രിറോഡ് നഗരസഭയുടെ അധീനതയിലുള്ളതാണെങ്കിലും ഒറ്റത്തവണ റോഡ് നന്നാക്കലിനായി 45 ലക്ഷത്തിന്റെ ഭരണാനുമതി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. റോഡിന്റെ നിര്‍മാണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സെക്രട്ടറി ഉറപ്പു നല്കി.
കോളേജിന്റെ മതില് 12 അടി താഴ്ചയിലാണ് മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നു വീണത്. ഇതോടെ കാറുകളും ടൂവീലറുകളും സഞ്ചരിക്കുന്ന റോഡിലൂടെയുള്ള യാത്ര അപകടകരമായി. പൊതുമരാമത്തും നഗരസഭയും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ കവടിയാര്‍ ഹരികുമാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷന് പൊതുമരാമത്ത്, നഗരസഭ, സംസ്കൃതകോളേജ് എന്നിവരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റോഡ് തങ്ങളുടെ ഉടമസ്ഥതയിലല്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍ കോളേജ് മതില് പുനര്‍നിര്‍മിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. സംസ്കൃതകോളേജ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തയച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനോട് നടപടിയെടുക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: