പാണത്തൂര്‍:’വികസനത്തില്‍ പരാജയമായിരുന്ന പനത്തടി പഞ്ചായത്തിനെ വികസനത്തിലേക്ക് നയിക്കാന്‍ ബിജെപി പടയൊരുക്കമാരംഭിച്ചു. 15 സീറ്റുകളുള്ള പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളിലും ബിജെപി തനിച്ച് മത്സരിക്കും. നിലവില്‍ കോണ്‍ഗ്രസ്-5, സിപിഎം-6, കക്ഷിരഹിതര്‍-2, ബിജെപി-2 എന്നിങ്ങനെയാണ് കക്ഷിനില.
ഭരണം തികഞ്ഞ പരാജയമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ.വേണുഗോപാല്‍ പറഞ്ഞു. പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രസിഡന്റിനെ കളിപ്പാവയാക്കി വൈസ് പ്രസിഡന്റിന്റെ അജണ്ഡയാണ് അഞ്ചുവര്‍ഷക്കാലം പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ഇതില്‍ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പുണ്ട്. പല പദ്ധതികളും പാതിവഴിയിലാതിനെതിര മണ്ഡലം ഭാരവാഹികള്‍ തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ വികസനരാഹിത്യവും അഴിമതിയും നിരത്തിക്കാണിച്ചാണ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എന്നാല്‍ ഇത്തവണ അവരുടെ തന്നെ വികസനമില്ലായ്മയും അഞ്ച് വര്‍ഷക്കാലംകൊണ്ട് പഞ്ചായത്തില്‍ ബിജെപിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭീഷണിയാകും.
കുടിവെള്ള ക്ഷാമ രൂക്ഷമായ പഞ്ചായത്തിലെ കുടിവെള്ളത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ലെന്നത് പ്രധാന പ്രശ്നായി തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടും. മാട്ടക്കുന്ന്, നെല്ലിക്കുന്ന്, നെരോടി, മൊട്ടയംകൊച്ചി, മാപ്പിളച്ചേരി, മൈലാട്ടി കോളനികളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയിട്ടില്ല. ബട്ടോളിയില്‍ പൈപ്പും ജലസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. മറ്റുപ്രവര്ത്തികള് നടന്നിട്ടില്ല. പാണത്തൂരില്‍ നിന്നും സുള്ള്യയിലേക്ക് പോകുന്ന പാതയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കേരളത്തില്‍ മലകുടിയന്മാരുള്ള ഏക കോളനിയായ കല്ലപ്പളളിയിലെ കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളക്ടര്‍, എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ വിളിച്ചുവരുത്തി സംഘടിപ്പിച്ച വികസനഅദാലത്തിലെ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി. ഇവ ചൂണ്ടിക്കാട്ടിയായിരിക്കും ബിജെപി പ്രചാരണത്തിനിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: