ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായിട്ടും ഇടതു വലതു മുന്നണികളിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമായ ഇന്നലെ ഉച്ചയോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം മുന്നണികള്‍ ഒരുവിധത്തില്‍ പൂര്‍ത്തിയാക്കിയത്. പ്രതീക്ഷിച്ച പല സ്ഥാനാര്‍ത്ഥികളും വെട്ടി നിരത്തപ്പെട്ടതോടെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. പല ബ്രാഞ്ച് സെക്രട്ടറിമാരും മറ്റു നേതാക്കളും നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയെങ്കിലും ഒരു വിധത്തിലാണ് പൊട്ടിത്തെറി ഒഴിവാക്കിയത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത് സിപിഐയാണ്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി പാര്‍ട്ടി വിട്ടത്. നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനില്‍ സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മുതിര്‍ന്ന സിപിഐ നേതാവായിരുന്ന കരുമാടി ശശി റിബലായ മത്സരരംഗത്തുണ്ട്.
ജനതാദള്‍ എസ്, എന്‍സിപി, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ ഘടകകക്ഷികളെല്ലാം തന്നെ വല്യേട്ടന് പാര്‍ട്ടികളുടെ സമീപനത്തിനെതിരെ പ്രതിഷേധിച്ച് മത്സരരംഗത്തുണ്ട്.
സിപിഎമ്മിലും സിപിഐയിലും തുടരുന്ന കടുത്ത വിഭാഗീയത മുന്നണിയുടെ വിജയ സാധ്യതയെ തന്നെ ബാധിക്കുന്ന രീതിയിലാണ്. യുഡിഎഫിലേയും കോണ്‍ഗ്രസിലെയും തര്‍ക്കങ്ങള്‍ക്ക് പുതുമയില്ല. കോണ്‍ഗ്രസില്‍ എ വിഭാഗത്തെ പാടെ അവഗണിച്ച് ഐ വിഭാഗം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആധിപത്യം നേടി. ഇതിനെതിരെ എ വിഭാഗക്കാര്‍ പലയിടങ്ങളിലും റിബല്‍ സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എ വിഭാഗം ഉന്നയിക്കുന്നത്. സീറ്റു വിഭജനത്തില്‍ ഇരുമുന്നണികളിലെയും ഘടകകക്ഷികളും തൃപ്തരല്ല. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ശനിയാഴ്ചയോടെ പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ കഴിയുമെന്നാണ് മുന്നണികളെ നയിക്കുന്ന പാര്‍ട്ടികളുടെ പ്രതീക്ഷ.
എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടും ബിജെപിയുടെ ശക്തമായ വളര്‍ച്ചയും മുന്നേറ്റവും തെരഞ്ഞെടുപ്പില്‍ ഏതു രീതിയില്‍ ബാധിക്കുമെന്നതും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: