എരുമേലി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യത്തോടെ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണികളിലെ ഘടകകക്ഷികളായ ചെറുപാര്‍ട്ടികള്‍ ഒന്നിക്കുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും ഭീഷണിയാകുന്നു. കേരള കോണ്‍ഗ്രസിനും മുസ്ലീംലീഗിനും സീറ്റുകള്‍ നല്കി വന്‍തോല്‍വി ഒഴിവാക്കാനുള്ള പ്രമുഖ കക്ഷിനേതാക്കളുടെ ശ്രമം നടക്കുന്നതിനിടെയാണ് ഭീഷണിയുമായി ചെറുപാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്നണികളിലെ പ്രധാനഘടകകക്ഷികളായ ആര്‍എസ്പിയും ജനതാദള്‍(എസ്),കേരള കോണ്‍ഗ്രസ്(എസ്)തുടങ്ങിയ ചെറുപാര്‍ട്ടികളാണ് അവഗണനയുടെ ബാക്കി പത്രവുമായി പെരുവഴിയിലായിരിക്കുന്നത്. ചിലസ്ഥലങ്ങളില്‍ ഘടകകക്ഷികളെന്ന പേരില്‍ തന്നെ വിമതസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുന്നണികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. ചെറുപാര്‍ട്ടികളായ ഘടകകക്ഷികളെ ഒതുക്കാന്‍ സംവരണവാര്‍ഡുകള്‍ തന്ത്രപരമായി വച്ചുമാറാനും വീതംവയ്ക്കുന്നതില്‍ പ്രതിഷേധമുണ്ടാക്കി അനിശ്ചിതത്വമുണ്ടാക്കാനാണ് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ഘടകകക്ഷി നേതാക്കള്‍ പറയുന്നു. ഇരുമുന്നണികളിലെയും പ്രമുഖനേതാക്കളായ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ മുന്‍ പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കിയാണ് ചെറുപാര്‍ട്ടികള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.
ഇതിനിടെ സംവരണ വാര്‍ഡുകള്‍ മാറി മത്സരിക്കുന്ന മുന്നണി നേതാക്കള്‍ക്ക് വിജയസാധ്യതയൊരുക്കാന് മുന്നണികളിലെ പ്രമുഖ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും നെട്ടോട്ടമോടുകയാണ്.
മുന്നണികളിലെ നേതാക്കള്‍ പരാജയപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധം ശമിപ്പിക്കാനും നീക്കം നടന്നുവരികയാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും തോറ്റാലും മുന്നണികളിലെ പല സ്ഥാനാര്‍ത്ഥികളും വിവാദത്തില്പ്പെടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ചെറുപാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും നേതാക്കള്‍ സൂചന നല്കുന്നു.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുന്നണികളിലെ ഘടകകക്ഷിയില്‍പ്പെട്ട ചെറുപാര്‍ട്ടികളെ ഒന്നടങ്കം ഒതുക്കാനുള്ള നീക്കം പല സ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചടി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ചെറുപാര്‍ട്ടികള്‍ ഒന്നിച്ച് വാര്‍ഡുകളിലെ സ്വതന്ത്രരായ മികച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനും സീറ്റുകള്‍ നിഷേധിക്കുന്നതില്മുന്നണികളില് ചുക്കാന്‍ പിടിച്ച നേതാക്കളെ തോല്‍പ്പിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: