കൊച്ചി: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശമായി. സൂക്ഷ്മ പരിശോധന വേളയില്‍ സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, നിര്ദേശകന്, ഓരോ സ്ഥാനാര്‍ത്ഥിയും അധികാരപ്പെടുത്തിയ മറ്റൊരാള്‍ എന്നിവര്‍ക്കാണ് പ്രവേശനം. പത്രിക സമര്‍പ്പണം നാളെ പൂര്‍ത്തിയാകും. 15നാണ് സൂക്ഷ്മപരിശോധന. 17 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.
ഏതെങ്കിലും സ്ഥാനാര്‍ഥിയോ, അയാളുടെ തെരഞ്ഞെടുപ്പ് ഏജന്റ് നാമനിര്‍ദേശം ചെയ്ത ആളോ, അയാളാല്‍ നിയോഗിക്കപ്പെട്ടയാളോ ഏതെങ്കിലും ഒരു നാമനിര്‍ദേശ പത്രിക പരിശോധിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനുളള സൗകര്യം നല്‍കും. പിന്നീട് വരണാധികാരി നാമനിര്‍ദേശ പത്രിക ഓരോന്നോരോന്നായി സൂക്ഷ്മ പരിശോധന നടത്തും. ഒരു സ്ഥാനാര്‍ഥിയോ അഥവാ സ്ഥാനാര്‍ഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തശേഷം ഓരോന്നായി സൂക്ഷ്മപരിശോധന നടത്തണം.
ഏതെങ്കിലും ഒരു നാമനിര്‍ദേശപത്രികയില്‍ ഒരു ചെറിയ തെറ്റ്, അതായത് വോട്ടര്‍പട്ടികയിലെ പാര്‍ട്ട് നമ്പര്‍, പേര്, ക്രമനമ്പര്‍ എന്നിവയില്‍ പിശക് കാണപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥി തന്നെ സമര്‍പ്പിച്ച മറ്റൊരു നാമനിര്‍ദേശ പത്രികയിലെ ശരിയായ വിവരങ്ങള്‍ സ്വീകരിച്ച് ക്രമപ്പെടുത്താം. ഒരു സ്ഥാനാര്‍ഥിയുടെ ഒന്നിലധികം നാമനിര്‍ദേശ പത്രികകള്‍ സാധുവാണെന്ന് കണ്ടാലും അയാളുടെ മറ്റു നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധന നടത്താതെ വിട്ടുകളയില്ല.
നാമനിര്‍ദേശപത്രികയെപ്പറ്റി തടസവാദം ആരും ഉന്നയിച്ചില്ലെങ്കിലും ആ നാമനിര്‍ദേശപത്രിക നിയമപരമായി സാധുവാണ് എന്ന് വരണാധികാരി സ്വയം ബോധ്യപ്പെടണം. ഏതെങ്കിലും നാമനിര്‍ദേശ പത്രികയെക്കുറിച്ച് തടസവാദം ഉന്നയിച്ചാല്‍ അതേപ്പറ്റി തീര്‍പ്പാക്കുന്നതിന് ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും ആ നാമനിര്‍ദേശപത്രിക പരിഗണിച്ച് സാധുവാണെന്നോ സാധുവല്ല എന്നോ ഉത്തരവാകേണ്ടതുമാണ്. ഓരോന്നിലും, പ്രത്യേകിച്ച് തടസവാദമുന്നയിച്ചതിലും നാമനിര്‍ദേശപത്രിക തളളുന്നതിലും വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം രേഖപ്പെടുത്തേണ്ടതാണ്. തടസവാദമുന്നയിച്ച ഒരാള്‍ അപേക്ഷിക്കുകയാണെങ്കില്‍, അയാള്‍ ഉന്നയിച്ച തടസവാദം നിരാകരിച്ച് നാമനിര്‍ദേശം സ്വീകരിച്ചുകൊണ്ടുളള തീരുമാനത്തിന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി നല്‍കണം. വ്യക്തിപരമോ രാഷ്ട്രീയമോ ആയ മാനസിക നിലപാട് വരണാധികാരിയുടെ നടപടികളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയുടെ യോഗ്യതയോ, അയോഗ്യതയോ നാമനിര്‍ദേശ പത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തി വേണം പരിഗണിക്കാന്‍. നാമനിര്‍ദേശപത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസം അയോഗ്യത നിലനില്ക്കുന്നുവോ എന്ന് പരിഗണിക്കണം. ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ പേരിലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിര്‍ദേശ പത്രിക തിരസ്കരിക്കുവാന്‍ പാടുളളതല്ല. സാങ്കേതിക പിശകുകളും എഴുത്ത് പിശകും അവഗണിക്കേണ്ടതാണ്.
സ്ഥാനാര്‍ഥി ബന്ധപ്പെട്ട പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ല എന്ന് വ്യക്തമായാല്‍ പത്രിക തള്ളും. നിശ്ചിത സമയത്ത് പത്രിക സമര്‍പ്പിക്കാതിരിക്കല്‍, സ്ഥാനാര്‍ത്ഥിയോ ചട്ടപ്രകാരം അര്‍ഹതയുള്ളവരോ പത്രിക സമര്‍പ്പിക്കാതിരിക്കല്‍, നിശ്ചിത സ്ഥലത്ത് പത്രിക സമര്‍പ്പിക്കാതിരിക്കല്‍, പത്രികയില്‍ ഒപ്പില്ലാതിരിക്കല്‍, വ്യാജ ഒപ്പ്, നിര്ദേശകന് നിശ്ചിത യോഗ്യത ഇല്ലാതിരിക്കല്‍ തുടങ്ങിയവയും പത്രിക തള്ളാന്‍ മതിയായ കാരണങ്ങളാണ്. സംവരണ വാര്‍ഡുകളില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവര്‍ നല്കുന്ന പത്രികകള്‍, സ്ഥാനാര്‍ത്ഥിയുടെ പ്രായം വ്യക്തമാക്കാത്ത പത്രികകള്‍, വോട്ടര്‍പട്ടികയുടെ പ്രസക്തഭാഗം സൂക്ഷ്മപരിശോധന വേളയിലെങ്കിലും ഹാജരാക്കാത്ത പത്രികകള്‍ എന്നിവയും തള്ളും.
തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാന്‍ സഹവരണാധികാരികള്‍ക്കു കഴിയുമെങ്കിലും സൂക്ഷ്മപരിശോധനയ്ക്ക് അധികാരം വരണാധികാരികള്‍ക്കു മാത്രമാണ്. സൂക്ഷ്മപരിശോധന വരണാധികാരിയുടെ ഓഫീസില്‍ തന്നെയാവണം നടത്തേണ്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ സ്ഥാനാര്‍ഥിയുടെ പേര് മലയാള അക്ഷരമാല ക്രമത്തില്‍ ബാലറ്റുപേപ്പറില്‍ അച്ചടിക്കും വിധം തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: