പത്തനാപുരം: പത്രികസമര്‍പ്പണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ പത്തനാപുരത്ത് സിപിഐ, സിപിഎം തര്‍ക്കം മുറുകുന്നു.
അഭിപ്രായഭിന്നത കാരണം സ്വന്തംനിലയില്‍ മല്‍സരിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് സിപിഐ. ജില്ല ഡി വിഷനുകളിലും ബ്ലോക്ക് ഡിവിഷനുകളിലും ഉള്ള സീറ്റ് നിര്‍ണയത്തിലാണ് തര്‍ക്കങ്ങള്‍. ജില്ലാ പഞ്ചായത്തിന്റെ പത്തനാപുരം ഡിവിഷന് കേരള കോണ്‍ഗ്രസ് ബിയുടെ സിറ്റിംഗ് സീറ്റാണ്. എന്നാല്‍ ഇത്തവണ അവര്‍ക്ക് പത്തനാപുരം ബ്ലോക്ക് ഡിവിഷനാണ് ആവശ്യം. എന്നാല്‍ ബ്ലോക്ക് ഡിവിഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ സിപിഐ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മറുവശത്ത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ തലവൂര്‍ ജില്ലാഡിവിഷന്‍ ഇരുകൂട്ടര്‍ക്കും വേണ്ട. നിലവില്‍ വനിതസംവരണമായതുകൊണ്ടാണിത്. ബ്ലോക്കില്‍ കമുകുംചേരി ഡിവിഷന് നല്കി പിള്ളയുടെ പാര്‍ട്ടിയെ തൃപ്തിപ്പെടുത്താനും നേതാക്കള്‍ക്ക് കഴിയുന്നില്ല.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിപിഐ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വേണ്ട ഡിവിഷനുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിമാരെ കണ്ടെത്താനുള്ള ശ്രമമാണ് സിപിഐ നേതൃത്വത്തിനുള്ളത്. ഇതോടെ സിപിഎമ്മാകും വെട്ടിലാകുക. ജില്ലാനേതാക്കളും മണ്ഡലം നേതാക്കളും കണ്ണുംനട്ട് കാത്തിരിക്കുന്ന മേഖലകള്‍ കൈവിട്ട് പോകുന്നത് നോക്കിയിരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐയുടെ നിലപാട്.
കേരളകോണ്‍ഗ്രസ് ബിക്ക് സിറ്റിംഗ് സീറ്റുകള്‍ എല്ലാം നല്‍കാനും ഇടതുപക്ഷനേതൃത്വം തയ്യാറാണ്. എന്നാല്‍ പഞ്ചായത്ത് തലത്തില്‍ അഞ്ച് സീറ്റുകളാണ് ബിയുടെ ആവശ്യം.
കഴിഞ്ഞ തവണ പത്തനാപുരം ഗ്രാമപഞ്ചായത്തിലെ പത്തൊന്‍പത് വാര്‍ഡുകളില്‍ അഞ്ച് എണ്ണമായിരുന്നു സിപിഐക്ക് ലഭിച്ചത്. ഇതിലെ വാര്‍ഡുകള്‍ തന്നെയാണ് ബിയുടെ ലക്ഷ്യവും. കേരളാകോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനമാണ് മുന്‍കാലങ്ങളില്‍ സുഗമമായി നടന്നിരുന്ന പത്തനാപുരത്തെ സീറ്റുവിഭജനം പ്രതിസന്ധിയിലാക്കിയത്. സിപിഐ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നിയോജക മണ്ഡലത്തിലും മുന്നണിബന്ധം വഷളായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: