പൊന്‍കുന്നം: അഷ്ടദിക്കിലെ മലകളെ ഉണര്‍ത്തി വിഴിക്കത്തോട് മലങ്കോട്ടപ്പാറയില്‍ മലയൂട്ട് ഉത്സവം കൊണ്ടാടി. പാരമ്പര്യവഴിയിലെ തനിമ ചോരാതെ മഹാഭാരത ചരിത്രത്തിലെ കൗരവ പരമ്പരയുടെ ഉത്സവമാണ് വേറിട്ട രീതിയില്‍ മലങ്കോട്ടപ്പാറയില്‍ നടന്നത്.
ദുര്യോധനന് മുതല്‍ ദുശള വരെയുള്ള 101 പേരെയും വിളിച്ചുചൊല്ലി നിവേദ്യം നല്‍കിയാണ് ഉത്സവം നടന്നത്. മലദൈവങ്ങളുടെ ഭാവത്തിലാണ് ഇവിടെ കൗരവര്‍ കുടികൊള്ളുന്നത്. ദുര്യോധനനാണ് പ്രധാന മൂര്‍ത്തി. കരിക്കേറാണ് പ്രധാന വഴിപാട്. വിഴിക്കത്തോട് തെക്കേമുറി കുടുംബത്തിലെ ഷൈന്‍കുമാറിന്റെ ഉടമസ്ഥതയിലാണ് പര്‍വ്വത സമാനമായ മലങ്കോട്ടപ്പാറ. കുടുംബ പരമ്പരയിലെ അംഗങ്ങളും ഗ്രാമവാസികളും ഒരേമനസോടെയാണ് മലയൂട്ട് ഉത്സവത്തിന് എത്തിയത്. നാടിനെ കാക്കുന്ന മൂര്‍ത്തികളാണ് കൗരവരെന്നാണ് ഇവരുടെ വിശ്വാസം. കൃഷി ഭൂമിയേയും കുടുംബാംഗങ്ങളെയും കാത്തു രക്ഷിക്കുന്ന ദൈവസമാന ഭാവത്തിലാണ് കൗരവര്‍ക്ക് പൂജയേകുന്നത്. ഭക്തര്‍ സമര്‍പ്പിച്ച കരിക്കുകള്‍ മലയുണര്‍ത്തല്‍ എന്ന വിളിച്ചുചൊല്ലല്‍ ചടങ്ങിന് ശേഷം കര്‍മ്മി മൂഴിക്കല്‍ ശ്രീധരന് മലങ്കോട്ടപ്പാറയില്‍ എറിഞ്ഞുടച്ചു. നിവേദ്യവും നല്കി അനുഗ്രഹം നേടിയാണ് ഭക്തരുടെ മലയിറക്കം. പുരാതനകാലത്ത് കൗരവര്‍ ശബരിമല വനമേഖലയുടെ ഭാഗമായിരുന്ന ചിറക്കടവിലും വിഴിക്കത്തോട്ടിലും എരുമേലിയിലുമെല്ലാം എത്തിയിരുന്നുവെന്ന സങ്കല്‍പ്പമുണ്ട്.
ശബരിമല വനാന്തരങ്ങളില്‍ കൗരവര്‍ 101 പേരുടെയും ചൈതന്യം 101 മലകളിലായി കുടികൊള്ളുന്നുവെന്ന വിശ്വാസവും ഉണ്ട്. ചിറക്കടവ് മണിമലക്കുന്നില്‍ പേരൂര്‍ കുടുംബത്തിന്റെ ദുശാസനന് കാവും ഇതിന് സമാനമാണ്. കരിക്കേറും നിവേദ്യ സമര്‍പ്പണവും ചിങ്ങത്തിലെ അവിട്ടം നാളില്‍ ദുശാസനന് കാവില്‍ കൊണ്ടാടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: