ലണ്ടന്‍: പ്രൊഫഷണല്‍ രംഗത്തേക്ക് ചുവടുമാറിയ ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങ്ങിന് ഉശിരന്‍ ജയത്തോടെ അരങ്ങേറ്റം.
കരിയറിലെ കന്നിപ്പോരാട്ടത്തില്‍ ബ്രിട്ടന്റെ സോണി വിറ്റിങ്ങിനെ വിജേന്ദര്‍ നോക്കൗട്ട് ചെയ്തു. ലണ്ടനിലെ മാഞ്ചസ്റ്റര്‍ അരീന വേദിയായ മുഷ്ടിയുദ്ധത്തിന്റെ മൂന്നാം റൗണ്ട് അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി അവശേഷിക്കെ വിജേന്ദര്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
കരുത്തും ടൈമിങ്ങും സമന്വയിപ്പിച്ച ഇടികളിലൂടെ വിറ്റിങ്ങിനെ റിങ്ങിന്റെ മൂലയിലേക്ക് വിജേന്ദര്‍ ഒതുക്കിയപ്പോള്‍ റഫറി ഇടപെട്ട് മത്സരം അവസാനിപ്പിച്ചു. മൂന്നു മിനിറ്റുകള്‍ വീതമുള്ള നാലു റൗണ്ടുകളായിരുന്നു മത്സരത്തിലുണ്ടായിരുന്നത്.
കൃത്യമായ തയ്യാറെടുപ്പുകളോടെ വന്ന വിജേന്ദറിനു മുന്നില്‍ വിറ്റിങ്പതറിപ്പോയി. വിജേന്ദറിന്റെ പഞ്ചുകള്‍ക്ക് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ വിറ്റിങ് പലപ്പോഴും പരുങ്ങിനിന്നു.
ആവേശത്തോടെ പിന്തുണച്ച ആരാധകരോട് വിജേന്ദര്‍ മത്സരശേഷം നന്ദിയറിയിച്ചു. ഈ മാസം 30ന് വിജേന്ദര്‍ കരിയറിലെ രണ്ടാം മത്സരത്തിനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: