ചവറ: അഷ്ടമുടിക്കായലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാപഞ്ചായത്താണ് തെക്കുംഭാഗം. ഉള്‍നാടന്‍ മത്സ്യബന്ധനം, കയര്‍ എന്നിവ പ്രധാന തൊഴിലുകളാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരുള്ളതും ഈ പഞ്ചായത്തിലാണ്.
തുടക്കത്തില്‍ എല്‍ഡിഎഫ്-7, യുഡിഎഫ്-6 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ ഇടതുപക്ഷമായിരുന്നു ഭരണരംഗത്ത്. എന്നാല്‍ ആര്‍എസ്പിയുടെ മുന്നണിമാറ്റം കാരണം പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇടതുഭരണം വീണു. തുടര്‍ന്ന് യുഡിഎഫിലെ കോണ്‍ഗ്രസ് അംഗവും കെപിസിസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തങ്കച്ചി പ്രഭാകരന് പ്രസിഡന്റായി കൂടാതെ ഇടത് പാളയത്തില്‍ നിന്നെത്തിയ ആര്‍എസ്പി അംഗം മറിയാമ്മ ജോണ്‍ വൈസ് പ്രസിഡന്റായി. ക്ഷീരമേഖല, ഉള്‍നാടന്‍ മത്സ്യബന്ധനം കയര്‍വ്യവസായം എന്നീ മേഖലകള്‍ ഉപജീവനമാകുന്നവരാണ് കൂടുതലായും വസിക്കുന്നത്.
അഷ്ടമുടിക്കായലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തെക്കുംഭാഗം ദ്വീപ് ദളവാപുരം-പള്ളിക്കോടി പാലം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തീര്‍ത്തും ഒറ്റപ്പെട്ട് കിടന്ന പഞ്ചായത്താണ്. വികസനപദ്ധതികള്‍ നിരവധി നടപ്പാക്കുവാനുതകുന്ന ഭൗതികസാഹചര്യവും പ്രകൃതിസൗന്ദര്യവും ഏറെ ഉണ്ടായിട്ടും സാക്ഷാത്ക്കരിക്കുന്നതില്‍ വര്‍ഷങ്ങളായി ഭരിച്ച ഇടതുമുന്നണിയും ഇപ്പോള്‍ ഭരിക്കുന്ന വലതുമുന്നണിയും സമ്പൂര്‍ണ്ണപരാജയം. ക്ഷീരകാര്‍ഷിക പുരോഗതിക്കായി വര്‍ഷാവര്‍ഷം അവതരിപ്പിക്കുന്ന ബഡ്ജറ്റുകളില് വന്‍പദ്ധതികള്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പദ്ധതികളല്ലാതെ മറ്റൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ല.
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്സണ്‍ അടക്കമുള്ള അംഗങ്ങളുടെ പേരില്‍ അരകോടി രൂപയോളം അഴിമതി വന്നു. പഞ്ചായത്ത് ഈ പണം പിന്നീട് തിരിച്ചടയ്ക്കേണ്ടിവന്നു. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമായി നടത്താതിരുന്നതും പുതിയ പദ്ധതി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതും സ്ത്രീതൊഴിലാളികളുടെ മേഖലയെ ബാധിച്ചു. 2007ല്‍ ഉദ്ഘാടനം ചെയ്ത ദളവാപുരം-പള്ളിക്കോടി പാലത്തിന്റെ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ സ്പാമുകള്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതും ജലഗതാഗതം സുഗമമാക്കുന്നതിന് കായല്‍ ഡ്രഡ്ജിംഗ് ശാസ്ത്രീയമായി നടപ്പാക്കാത്തതും മത്സ്യതൊഴിലാളികള്‍ക്ക് പഞ്ചായത്ത് അധികൃതരോടുള്ള കടുത്ത പ്രതിഷേധത്തിന് പലവട്ടം ഇടയാക്കി. ആയിരക്കണക്കിന് കുടുംബങ്ങള്‍ വസിക്കുന്ന പഞ്ചായത്തില്‍ സിഎച്ച്സി ഉണ്ടെങ്കിലും സേവനങ്ങള്‍ വളരെ പരിമിതമാണ്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് മുഴുവന്‍ സമയവും വൈദ്യപരിശോധന സംവിധാനമില്ലാത്തത്, കിടത്തി ചികില്സാഅഭാവം, മരുന്നുകളുടെ ലഭ്യതകുറവ് എന്നിവ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയാകട്ടെ പരാതിക്ക് പരിഹാരമില്ലാതെ കടന്നുപോകുന്നു. ടൂറിസം വികസനത്തിനായി നിരവധി പ്രഖ്യാപനങ്ങള്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് മുന്‍കൈ എടുത്തില്ല. കാര്‍ഷികരംഗത്ത് കാര്യമായ പുരോഗതി അവകാശപ്പെടാനില്ല. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഗ്രോ ബാഗ് കൃഷി പരാജയപ്പെട്ടു. ആകെ വാര്‍ഡുകള്‍-13, കക്ഷിനില യുഡിഎഫ്-7 (കോണ്‍ഗ്രസ്-6, ആര്‍എസ്പി-1), എല്‍ഡിഎഫ്-6 (സിപിഎം-5, സിപിഐ-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: