അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ വന്‍ ബോംബ് സ്ഫോടനങ്ങളില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. 86 പേര് മരിച്ചെന്നാണ് ഔദ്യോഗികകണക്ക്. 186 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാനൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കും. ചാവേറുകളാണ് ബോംബു സ്ഫോടനങ്ങള്‍ നടത്തിതെന്നാണ് സൂചന. ഏതെങ്കിലും ഭീകരസംഘടന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
സമാധാന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കൂടിനിന്ന സ്ഥലത്തേക്ക് രണ്ടു ചാവേറുകള്‍ ബോംബുകളുമായി ഇടിച്ചുകയറുകയായിരുന്നു. തുര്‍ക്കിയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ സ്ഫോടനം നടക്കുന്നത്.
സൈന്യവും കുര്‍ദ്ദ് വിമതരും തമ്മിലുള്ള അതിരൂക്ഷമായ ഏറ്റുമുട്ടലിനും ആഭ്യന്തരകലാപത്തിനും എതിരെയുള്ള സമാധാന മാര്‍ച്ച് നടക്കാനിരിക്കെയാണ് ഇന്നലെ രാവിലെ പത്തു മണിയോടെ ഭീകരാക്രമണം. ആദ്യം ഒരു സ്ഫോടനമുണ്ടായി. ജനം ഭയന്ന് നിലവിളിച്ച് ചിതറിയോടുമ്പോള് അടുത്ത ചാവേറും പൊട്ടിത്തെറിക്കുകയായിരുന്നു. ചിതറിത്തെറിച്ച ശരീരങ്ങളും ചോരപ്പുഴകളുമാണ് എങ്ങും. ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
സമാധാന റാലിയില്‍ പങ്കെടുക്കാന്‍ കൊണ്ടുവന്ന അതേ ബാനറുകളില്‍ പൊതിഞ്ഞാണ് അവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഭീകരാക്രമണം. നവംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ്. സര്‍ക്കാരാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണ് റാലി സംഘടിപ്പിച്ച എച്ച്ഡിപിയുടെ ആരോപണം. സ്ഫോടനങ്ങളെത്തുടര്‍ന്ന് എച്ച്ഡിപി പ്രവര്‍ത്തകര്‍ പോലീസ് വാഹനങ്ങള്‍ ആക്രമിച്ചു.
ബോള്‍ ബെയറിംഗുകള്‍ അടക്കം ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
















