കൊച്ചി: ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റി എഫ്സിയോട് ഗോള്‍രഹിത സമനില. ഗോളി ബൈവാട്ടറുടെ മിന്നുന്ന രക്ഷപെടുത്തലുകളും ഒരിക്കല്‍ ഗോള്‍ പോസ്റ്റുമാണ് കൊമ്പന്മാരെ തട്ടകത്തിലെ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. ആദ്യ കളി തോറ്റ മുംബൈയ്ക്ക് കരുത്തരുടെ അവരുടെ കാണികള്‍ക്കു മുന്നില്‍ പിടിച്ചുനിര്‍ത്തി തിരിച്ചെത്തിയതിന്റെ ആശ്വാസം.
കഴിഞ്ഞ മത്സരത്തില്‍നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് സച്ചിന്റെ നാട്ടുകാരെ നേരിടാനിറങ്ങിയത്. മുഹമ്മദ് റാഫിക്ക് പകരം മന്ദീപ് സിങ്, പീറ്റര്‍ കാര്‍വാലോ, ജോസെ കുരായിസ് എന്നിവര്‍ക്ക് പകരം വിക്ടര്‍ ഹെരേര, ഗുര്‍വിന്ദര്‍ സിങ് എന്നിവര്‍ ബൂട്ടണിഞ്ഞു. 5-3-2 ശൈലിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്നലെയും അണിനിരന്നു. മുംബൈ 4-4-2 ശൈലിയാണ് തെരഞ്ഞെടുത്തത്. മൂന്ന് മാറ്റങ്ങളും വരുത്തി. ആല്‍ബിനോ ഗോമസിന് പകരം ദേബ്ജിത്ത് മജുംദാര്‍, ഫ്രെഡ്രിക് പിക്വിയോണെക്ക് പകരം മെഹ്ത സുഭാഷ് സിങ്, ആന്ദ്രെ മോറിറ്റ്സിന് പകരം സരണ്‍ സിങ്. ഇരു ടീമുകളും മാര്‍ക്വീ താരങ്ങളും ബൂട്ടണിഞ്ഞില്ല.
ആദ്യ മിനിറ്റില്‍ മുംബൈയ്ക്ക് ഗോളവസരം. എന്നാല്‍, ബ്ലാസ്റ്റേഴ്സ് നായകന് പീറ്റര്‍ റാമേജിന്റെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. അഞ്ചാം മിനിറ്റില്‍ സന്ദര്‍ശകരുടെ ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 12-ാം മിനിറ്റില്‍ മുംബൈ ഗോള്‍ നേടിയെന്ന് തോന്നിച്ചു. ബൈവാട്ടറുടെ ഉശിരന്‍ പ്രകടനം വിലങ്ങുതടി. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് സോണി നോര്‍ദ എടുത്ത ഫ്രീകിക്ക് ബോക്സിനുള്ളില്‍ നിന്ന് സുഭാഷ് സിങ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബൈവാട്ടര്‍ ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കി.
പതിനേഴാം മിനിറ്റില്‍ ആതിഥേയരുടെ ഗോളിലേക്കുള്ള ആദ്യ മുന്നേറ്റം. വലതു വിങ്ങിലൂടെ കുതിച്ച പ്ലേ മേക്കര്‍ വിക്ടര്‍ ഹെരേര പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച തകര്‍പ്പന്‍ വോളി ഗോളി ദേബ്ജിത് ഉയര്‍ന്നുചാടി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. മുപ്പതാം മിനിറ്റില്‍ മുംബൈയുടെ സുന്ദരമായ മുന്നേറ്റം. ഗബ്രിയേലും സുഭാഷും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് സോണി നോര്‍ദക്ക്. നോര്‍ദെ സരണ്‍ സിങ്ങിന് മറിച്ചുനല്‍കി. എന്നാല്‍, സരണ്‍ പായിച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. നോര്‍ദെ എടുത്ത കോര്‍ണര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകടഭീഷണി മുഴക്കിയെങ്കിലും വല കുലുങ്ങിയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈയുടെ ആധിപത്യം.
47-ാം മിനിറ്റില്‍ ഡാരന്‍ ഒ ഡിയയുടെ ക്രോസ് സുഭാഷ് സിങ് വലയിലേക്ക് തിരിച്ചെങ്കിലും പന്ത് പുറത്തേക്ക്. 53-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. വിക്ടര്‍ ഹെരേര എടുത്ത കിക്ക് ഗോളി ദേബ്ജിത് മജുംദാര്‍ കൈയിലൊതുക്കി. 56-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ മനന്ദീപ് സിങ്ങിന് പകരം അസിസ്റ്റന്റ് കോച്ചും കളിക്കാരനുമായ ഇഷ്ഫഖ് അഹമ്മദിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി.
69-ാം മിനിറ്റില്‍ രാഹുല്‍ ബെക്കെ നീട്ടിയെറിഞ്ഞ ത്രോ പെറോണേ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സുഭാഷ് സിങ് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. 71-ാം മിനിറ്റില്‍ വലതുവിങ്ങില്‍ കൂടി പന്തുമായി കുതിച്ച ക്രിസ് ഡഗ്നല്‍ പോസ്റ്റിന് സമാന്തരമായി തകര്‍പ്പന്‍ ക്രോസ് നല്‍കിയെങ്കിലും ബോക്സിനുള്ളലുണ്ടായിരുന്ന ഇഷ്ഫഖിനോ വിനീതിനോ കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഡഗ്നലിനെ പിന്‍വലിച്ച് കഴിഞ്ഞ കൡയില്‍ ഗോളടിച്ച സാഞ്ചസ് വാട്ടിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി.
74-ാം മിനിറ്റില്‍ വിക്ടര്‍ ഹെരേരയെ പിന്‍വലിച്ച് ജോ കൊയ്മ്പറയെയും കൊമ്പന്മാര് മൈതാനത്ത് ഇറക്കി. അധികം കഴിയും മുന്നേ പെറോണെ നല്കിയ ക്രോസ് സാഞ്ചസ് വാട്ടിന് കണക്ട് ചെയ്യാന്‍ കഴിയും മുന്നേ മുംബൈ സിറ്റി ഗോളി കയ്യിലൊതുക്കി. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ഇടതുവിംഗില്‍ക്കൂടി രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കബളിപ്പിച്ചശേഷം നല്കിയ പാസ് പിക്വിയോണെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് പോസ്റ്റില്‍ത്തട്ടി മടങ്ങി. 88-ാം മിനിറില്‍ നോര്‍ദെക്ക് ലഭിച്ച മറ്റൊരു അവസരവും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ മത്സരം സമനിലയില്‍.
ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത.
ഇന്ന് ഗോവ-ചെന്നൈ
മഡ്ഗാവ്: ഫറ്റോര്‍ദയില്‍ ഇന്ന് വീണ്ടും തിരയിളക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ ഗോവ, ഇറ്റാലിയന്‍ കരുത്തന് മാര്‍ക്കോ മറ്റരാസിയുടെ ചെന്നൈയിന് എഫ്സിയെ നേരിടും. ആദ്യ കളിയില്‍ ദല്‍ഹി ഡൈനാമോസിനെ കീഴടക്കി, രണ്ടാമത്തേതില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ തളച്ച ഗോവയ്ക്ക് മുന്‍തൂക്കം. അത്ലറ്റികോയോടും ദല്‍ഹിയോടും തോറ്റ ചെന്നൈയ്ക്കിത് അതിജീവനത്തിന്റെ പോരാട്ടം.
കഴിഞ്ഞ സീസണ് മുതലുള്ള കണക്കെടുത്താല്‍ ലീഗിലെ ഏറ്റവും ആക്രമണകാരികളായ ടീമാണ് ഗോവയും ചെന്നൈയിനും. 14 കളികളില്‍ ചെന്നൈയിന് 24 ഗോള്‍ സ്കോര്‍ ചെയ്തപ്പോള്‍, ഗോവയുടെ സമ്പാദ്യം 21 ഗോള്‍. കഴിഞ്ഞ വര്‍ഷം വെറും രണ്ട് കളി മാത്രം തോറ്റ ചെന്നൈ ഇത്തവണ ജയവഴിയില്‍ എത്തിയിട്ടില്ല. ഫറ്റോര്‍ദ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈ തലവര മാറ്റിക്കുറിക്കാമെന്ന് മറ്റരാസി കരുതുന്നു. എലാനോ ബ്ലൂമറെ പോലുള്ള പ്ലേമേക്കറുണ്ടായിട്ടും കളത്തില്‍ പ്രതിഫലിക്കുന്നില്ല. ഇന്ന് അതിനെല്ലാം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചെന്നൈയിന്.
കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റികോയ്ക്കെതിരെ പതറിയെങ്കിലും, പൊരുതി സമനില നേടിയത് ഗോവയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്വന്തം മൈതാനത്ത് സീക്കോ ഒരുക്കുന്ന തന്ത്രങ്ങള്‍ അവരുടെ ആവേശം. കീനന്‍ അല്മെയ്ഡയുടെ ഗോളിലാണ് കൊല്‍ക്കത്തയോട് സമനില നേടിയത്. ഇന്നു ജയിച്ച് മുന്നേറ്റം തുടരാമെന്ന പ്രതീക്ഷയില്‍ സീക്കോയും ഗോവയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: