ലണ്ടന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ നിലവിലെ ജേതാക്കള്‍ സ്‌പെയ്ന്‍, മുന്‍ ചാമ്പ്യന്‍ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ജയം. സ്‌പെയ്ന്‍ മടക്കമില്ലാത്ത നാലു ഗോളിന് ലക്‌സംബര്‍ഗിനെ തുരത്തിയപ്പോള്‍, ഇംഗ്ലണ്ട് 2-0ന് എസ്‌തോണിയയെ കീഴടക്കി. മറ്റു മത്സരങ്ങളില്‍ സ്വീഡന്‍ ലിച്ച്‌റ്റെന്‍സ്റ്റെയ്‌നെയും (2-0), റഷ്യ മള്‍ഡോവയെയും (2-1), സ്വിറ്റ്‌സര്‍ലന്‍ഡ് സാന്‍ മരിനോയെയും (7-0) തുരത്തി.
ഗ്രൂപ്പ് സിയില്‍ യോഗ്യത ഉറപ്പിച്ച സ്‌പെയ്‌നിനായി സാന്‍ഡി കാസ്‌റോളയും പാസോ അല്‍സെറും ഇരട്ട ഗോള്‍ നേടി. ഗ്രൂപ്പ് ഇയില്‍ തുടരെ ഒമ്പതാം ജയം കുറിച്ച ഇംഗ്ലണ്ടിനായി തിയോ വാല്‍ക്കോട്ടും റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. സ്വിറ്റ്‌സര്‍ലന്‍ഡും ഗ്രൂപ്പില്‍നിന്ന് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കി.
മാര്‍ക്കസ് ബെഗിന്റെയും സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെയും ഗോളുകളില്‍ ജയം കണ്ട സ്വീഡന്‍ ഗ്രൂപ്പ് ജിയില്‍നിന്ന് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഒന്നാമതുള്ള ഓസ്ട്രിയ 3-2ന് മോണ്ടെനെഗ്രൊയെയും, രണ്ടാമതുള്ള റഷ്യ 2-1ന് മൊള്‍ഡോവയെയും തോല്‍പ്പിച്ചു.
















