നീലേശ്വരം: നഗരസഭയെ നരകസഭയാക്കിയതില് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും തുല്ല്യപങ്ക്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, റോഡ് വികസനം, താലൂക്ക് ആശുപത്രി വികസനം, കുടിവെള്ള പദ്ധതി, നഗരസഭ ഓഫീസ് നിര്‍മ്മാണം, വിദ്യാഭ്യാസരംഗം എന്നുവേണ്ട സര്‍വ്വ രംഗത്തും സമ്പൂര്‍ണ്ണ ഭരണ പരാജയം. നേട്ടങ്ങളുടെ പട്ടികയില്‍ ഒട്ടേറെ വട്ടപൂജ്യങ്ങള്‍, ഭരണ വൈകല്യങ്ങള്‍, യഥാസമയം ചൂണ്ടിക്കാട്ടി പ്രതികരിക്കാതെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് പ്രതിപക്ഷം കൂട്ടുനിന്നതായി സ്വന്തം അണികള്‍ പോലും കുറ്റപ്പെടുത്തുന്നു.
ഗ്രാമപഞ്ചായത്തായിരിക്കെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് ദുരന്ത സ്മാരകമായ ഇ ന്നും നിലനില്ക്കുന്നു. അ വസാനം സ്വന്തം പാര്ട്ടിക്കാര് നടത്തിയ പ്രതിഷേധം നടത്തിയിട്ടും നഗരസഭയ്ക്ക് മാലിന്യപ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായില്ല. നഗരം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമായപ്പോള്‍ ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളി അതിന്മേല് മണ്ണിട്ട് നികത്തുന്ന പരിപാടി ഭരണകൂടം കൈക്കൊണ്ടു. പ്രകൃതി സ്നേഹികളും നാട്ടുകാരും എതിര്‍ത്തു. പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ടായതല്ലാതെ പാതയോരം മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രമായിത്തന്നെ നിലനില്ക്കുന്നു.
നഗരസഭ ഓഫീസ് കെട്ടിടം പണിയാന്‍ സ്ഥലത്തിന് വേണ്ടി നെട്ടോട്ടമോടി. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മൂലം അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ഒടുവില്‍ നീലേശ്വരം രാജകൊട്ടാരം പോലും ഏറ്റെടുക്കാന്‍ നീക്കം നടത്തി.
അഞ്ച് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ നഗരസഭയുടെ അവസാന കൗണ്‍സില്‍ യോഗം നടത്താന്‍ പോലും ഒരു ഹാള്‍ നിര്‍മിക്കാന്‍ ഭരണസമിതിക്കായില്ല. 14 ലക്ഷം രൂപ ചെലവഴിച്ച് പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം മോടി പിടിപ്പിച്ച് ധനദുര്‍വിനിയോഗം നടത്താനും അധികൃതര്‍ മടിച്ചില്ല. പേരോലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ഒരു ദിവസം പോലും മത്സ്യ വില്പന നടന്നിട്ടില്ല. റെയില്‍വേ മേല്‍പാലത്തിന് കീഴിലും മറ്റ് സ്ഥലങ്ങളിലും അനധികൃത മത്സ്യ മാര്‍ക്കറ്റുകള്‍ പെരുകി. ലക്ഷങ്ങള്‍ ചെലവഴിച്ച് പുതുക്കി പണിത മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ മാലിന്യങ്ങള്‍ തള്ളാന്‍ നഗരസഭ തന്നെ തുനിഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു. ശുചിത്വപൂര്‍ണ്ണമായ അറവ്ശാലയും നഗരസഭക്കുള്ളിലില്ല.
താലൂക്ക് ആശുപത്രിയുടെ മേല്‍നോട്ടം നഗരസഭക്കായിട്ടും ആശുപത്രിയുടെ വികസനത്തിനായി നഗരസഭ ഒന്നും ചെയ്തില്ല. ബസ് സ്റ്റാന്റ് വികസനവും പരാജയമായിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് സ്റ്റാന്റില്‍ പണിത ബസ് സ്റ്റാന്റ് യാര്‍ഡ് , ജൈവകൃഷിയുടെ പേരില്‍ മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയ ദേശീയപാതയോരത്ത് നടത്തിയ വാഴകൃഷി എന്നിവ എല്‍ഡിഎഫ് ഭരണത്തിന്റെ പരാജയങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബസ് സ്റ്റാന്റിലെ ശുചിമുറികളുടെ നിര്‍മ്മാണവും നടന്നില്ല.
ചാത്തമത്ത്, പൊടോതുരുത്തി, അച്ചാംതുരുത്തി, പുറത്തേക്കൈ ഭാഗങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിലും നഗരസഭ പരാജയപ്പെട്ടു. റെയില്‍വേ വികസനത്തിലും നഗരസഭയുടെ ശ്രദ്ധ പതിഞ്ഞിട്ടില്ല. ജില്ലയിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മൂന്നാമത്തെ സ്റ്റേഷനായ നീലേശ്വരത്ത് പ്രാഥമിക സൗകര്യങ്ങള്ഒരുക്കുന്നതിനും ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും നഗരസഭയുടെതായി ഒരു നിര്‍ദ്ദേശവും ഉണ്ടായിട്ടില്ല.
നീലേശ്വരത്ത് നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത കലാ-കായിക-കാര്‍ഷിക-വൈജ്ഞാനിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഏറെ ദിവസം നീണ്ടു നില്ക്കുന്ന നീലേശ്വര്‍ മഹോത്സവം അഥവാ നീലേശ്വര്‍ ഫെസ്റ്റ് നഗരസഭ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. പ്രഖ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഫെസ്റ്റുകള്‍ സംഘടിപ്പിക്കാറുള്ള സംഘടനകള്‍ക്കും ഇതൊരു പ്രഹരമായി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെ വിഭാഗീയതകള്‍ക്ക് കളമൊരുക്കിക്കൊണ്ടാണ് ഇടത്-വലത് മുന്നണികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഭാരതീയ ജനതാ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടത് വലത് മുന്നണികളോടുളള ജനങ്ങളുടെ അസഹിഷ്ണുത ബിജെപിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: