കൊല്ലം: പൂനെയില്‍ നിന്നും കൊല്ലത്തേക്കുള്ള തീവണ്ടി യാത്രക്കിടയില്‍ ചികിത്സ കിട്ടാതെ പവിത്രേശ്വരം സ്വദേശി ബാബുരാജ് (40) മരിച്ച സംഭവത്തില്‍ റയില്‍വേ അര്‍ഹമായ ദുരിതാശ്വാസം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍. 2010 മേയ് ആറിന് 6381 നമ്പര്‍ ജയന്തിജനത തീവണ്ടിയില്‍ പൂനെയില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പവിത്രേശ്വരം എസ്എന്‍ പുരം പ്ലാവിള വീട്ടില്‍ ബാബുരാജിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ബാബുരാജിന് വൈദ്യസഹായം നല്‍കണമെന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും മറ്റ് യാത്രക്കാരും ആവശ്യപ്പെട്ടെങ്കിലും റയില്‍വേ സഹായം നല്‍കിയില്ലെന്ന് ബാബുരാജിന്റെ ഭാര്യ പ്രസീദ പരാതിയില്‍ പറയുന്നു. കമ്മീഷന് ചെന്നൈ ഡിവിഷന് കമേഴ്സ്യല്‍ മാനേജറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആരോപണം റയില്‍വേ നിഷേധിച്ചു. സേലം റയില്‍വേ സ്റ്റേഷനില്‍ വൈദ്യസഹായത്തിന് വേണ്ടി ഇറങ്ങാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. ഈറോഡ് സ്റ്റേഷനില്‍ ഡോക്ടര്‍മാരെത്തി പരിശോധിച്ചെങ്കിലും ബാബുരാജ് മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. റയില്‍വേയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. ബാബുരാജ് തീവണ്ടിയിലെ യാത്രക്കാരനായിരുന്നു. രോഗമുണ്ടായപ്പോള്‍ ചികിത്സ നല്കി ജീവന് രക്ഷിക്കാതെ ന്യായവാദങ്ങള്‍ പറയുന്നത് ശരിയല്ലെന്നും കമ്മീഷന് നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ മാനുഷികമായി പരിഗണിക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ റയില്‍വേയുടെ രൂപീകരണ ലക്ഷ്യം തന്നെ ജനങ്ങളെ സേവിക്കുക എന്നതാണ്. ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്തുന്ന റയില്‍വേ ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ബാബുരാജിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് അര്‍ഹമായ ദുരിതാശ്വാസം നല്കാന് റയില്‍വേക്ക് ധാര്‍മിക ബാധ്യതയുണ്ടെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഉത്തരവ് ചെന്നൈ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ക്കും റയില്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിക്കും കൈമാറിയതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: