പത്തനാപുരം: തുടര്‍ച്ചയായ സമ്മേളനങ്ങളില്‍ പൊറുതി മുട്ടിയിരിക്കുകയാണ് വ്യാപാരികളും പൊതുജനവും. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കേരള കോണ്‍ഗ്രസ് എം, ആര്‍എസ് പി, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ബി, സിപിഎം, സിപിഐ, യൂത്ത്‌കോണ്‍ഗ്രസ്….. ഇതിനെല്ലാം വേദിയാകുന്നതാകട്ടെ തിങ്ങിനിറഞ്ഞ മാര്‍ക്കറ്റ് ജംഗ്ഷനും.
പലപ്പോഴും റോഡ് കയ്യേറിയാണ് സമ്മേളനത്തിനായി വേദി ഉണ്ടാക്കുന്നത്. ഇതോടെ കൊട്ടാരക്കര-പത്തനാപുരം പാതയും പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയും കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കുളള റോഡും ഗതാഗതക്കുരുക്കിലാകും. ഉച്ചഭാഷിണിയിലൂടെയുളള കാതടപ്പിക്കുന്ന ശബ്ദമാണ് വ്യാപാരികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
നാളെയാണ് പരിപാടിയെങ്കില്‍ ഇന്ന് രാവിലെ മുതല്‍ക്കേ ആരംഭിക്കും. നിശ്ചിത അളവില്‍ കൂടുതല്‍ ശബ്ദം ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിക്കരുതെന്ന് നിയമമുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് പരിപാടി. സമ്മേളനങ്ങള്‍ക്ക് വേദിയാക്കാന്‍ കല്ലുംകടവ് ജംഗ്ഷനില്‍ സ്ഥലസൗകര്യം ഉണ്ടെന്നിരിക്കെ എല്ലാവര്‍ക്കും പ്രിയം തിങ്ങിനിറഞ്ഞ മാര്‍ക്കറ്റ് ജംഗ്ഷനാണ്. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും ഉച്ചത്തില്‍ ശബ്ദം മൈക്കിലൂടെ പുറപ്പെടുവിക്കുന്നതും ഇത്തരക്കാര്‍ക്ക് ഹരമായി മാറിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചതിന്റെ പേരില്‍ എസ്എന്‍ഡിപി യൂണിയന്‍ പത്തനാപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മൈക്കിലൂടെ ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിച്ചാണ് സിപിഎം സംഘര്‍ഷം ഉണ്ടാക്കിയത്. പൊതുജനത്തിന്റെ കാതടപ്പിക്കുന്ന തരത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുന്ന പോലീസിന്റെ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















