കൊല്‍ക്കത്ത: ട്വന്റി20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറ വച്ചതോടെ എങ്ങും ഒരു ചോദ്യമുയരുന്നു, എവിടെ അജിങ്ക്യ രഹാനെയും, അമിത് മിശ്രയും. ഇവര്‍ക്കു പകരമെത്തിയവരുടെ പരാജയത്തേക്കാള്‍ മാച്ച് വിന്നര്‍മാരായ രണ്ടു പേരുടെ അഭാവമാണ് ഇത്തരമൊരു ചോദ്യത്തിലേക്കും ചര്‍ച്ചകളിലേക്കും വഴിതെളിച്ചത്. ആദ്യ തോല്‍വിക്കു പിന്നാലെ തന്നെ ടീമിലുള്ള ഇവരെ കളിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ചൂണ്ടുവിരല്‍ ഉയര്‍ന്നുവെങ്കിലും നായകന് എം.എസ്. ധോണി ഗൗനിച്ചില്ല. വീണ്ടും തോറ്റതോടെ ചോദ്യം വീണ്ടും സജീവം.
അജിങ്ക്യയ്ക്കു പകരമെത്തിയ അമ്പാട്ടി റായുഡുവും അമിതിന്റെ സ്ഥാനത്തെത്തിയ അക്ഷര്‍ പട്ടേലും മുന്‍കാല പ്രകടനങ്ങളില്‍ കഴിവു തെളിയിച്ചവര്‍. ഏകദിന ടീമിനെ പലവട്ടം ജയത്തിലേക്കു നയിച്ചിട്ടുണ്ട് റായിഡു. അക്ഷറാകട്ടെ, ആഴ്ചകള്‍ക്കു മുന്‍പ് ദക്ഷിണാഫ്രിക്കന്‍ എ ടീമിനെയും കടപുഴക്കി. എന്നാല്‍, പരമ്പര ലക്ഷ്യമിടുന്ന ടീം ഏറ്റവും മികച്ചവരെ ഉള്‍പ്പെടുത്തണമെന്ന സാമാന്യ തത്വം ധോണി മറന്നു.
സമകാലീന ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതു ഫോര്‍മാറ്റിലും ഏതു സ്ഥാനത്തും മികവു പുലര്‍ത്തുന്ന ബാറ്റ്സ്മാനാണ് അജിങ്ക്യ രഹാനെ. വിദേശ മണ്ണില്‍ ഇന്ത്യയുടെ ശക്തമായ സാന്നിധ്യവും. നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്െൈട്രെക്ക് കൈമാറുന്നില്ലെന്നും റണ്‍റേറ്റ് ഉയര്‍ത്തുന്നില്ലെന്നുമാണ് ധോണിക്ക് അജിങ്ക്യയെക്കുറിച്ചുള്ള പ്രധാന പരാതി.
എന്നാല്‍, ഐപിഎല്ലിലെ പ്രകടനങ്ങള്‍ ഈ വാദങ്ങള്‍ തള്ളിക്കളയുന്നു. 2008 മുതല്‍ 15 വരെ മുംബൈ ഇന്ത്യന്‍സിലും രാജസ്ഥാന് റോയല്സിലുമായി ഇദ്ദേഹം നടത്തിയ പ്രകടനം ആരെയും ഭ്രമിപ്പിക്കും. 79 കളികളില്‍ 2116 റണ്‍സ്. ഇതില്‍ ഒറു സെഞ്ചുറി. സ്ട്രൈക്ക് റേറ്റ് 119.41. 13 രാജ്യാന്തര ട്വന്റി20യില്‍ 116.17 സ്ട്രൈക്ക് റേറ്റില്‍ 273 റണ്‍സ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സമചിത്തതയോടെ ബാറ്റേന്തനാകുമെന്ന് ദേശീയ ടീമിനായും ഐപിഎല്‍ മത്സരങ്ങളിലും നടത്തിയ പ്രകടനത്തിലൂടെ താരം തെളിയിച്ചു.
രാജ്യാന്തര ട്വന്റി20യില്‍ വലിയ പാരമ്പര്യമൊന്നുമില്ലെങ്കിലും ഐപിഎല്ലില്‍ എന്നും മികച്ച പ്രകടനം നടത്തിയിട്ടുണ്ട് അമിത് മിശ്ര. അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ എത്തിയെങ്കിലും അതിനു തക്ക പ്രകടനമുണ്ടായിട്ടില്ലെന്നതു നേര്. എന്നാല്‍, ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ ഏറെ ഫലപ്രദമാണ് അമിതിന്റെ രീതി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനെ തന്റെ പ്രതിഭ കൊണ്ട് ജയത്തിലെത്തിച്ചിട്ടുണ്ട് താരം. ലങ്കയിലെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചതും താരം. പതിനഞ്ച് വിക്കറ്റുകള്‍ നേടി, അശ്വിനൊപ്പം ലങ്കയെ കുരുക്കിയിട്ടു താരം. ഇവിടെ കട്ടക്കിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍ നടത്തിയ പ്രകടനം കണക്കിലെടുക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ഇല്ലായ്മ ബോധ്യമാകുക. അക്ഷറിനെ പോലെ കാടനടികള്ക്കു കഴിവില്ലെന്നാണ് ധോണി അമിത് മിശ്രയില്‍ കാണുന്ന ഏക ദൗര്‍ബല്യം. എന്നാല്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റു കൊണ്ടും ടീമിനെ താങ്ങിയ ചരിത്രമുണ്ട് അമിത് മിശ്രയ്ക്ക്.
ഇന്ന് ഇരുവരെയും കളിപ്പിക്കണമെന്ന വാദത്തിന് മറ്റൊരു പിന്‍ബലം കൂടിയുണ്ട്. പിന്നാലെ വരുന്ന ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇവരുടെ സാന്നിധ്യം അനിവാര്യം. ഏകദനിങ്ങള്ക്കു മുന്‍പ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെതിരെ കളിക്കാനുള്ള അവസരവും ലഭിക്കും. ടെസ്റ്റില്‍ എന്തായാലും വിരാട് കോഹ്ലിയുടെ ലിസ്റ്റില്‍ ഇവര്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: