കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ ആശയക്കുഴപ്പത്തില്‍ നില്ക്കുമ്പോള് തയ്യാറെടുപ്പില്‍ ബിജെപി ഏറെ മുന്നിലാണ്. തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് അനുകൂല സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സമീപിക്കുക. തെരഞ്ഞെടുപ്പിന്റെ ഏല്ലാ മേഖലകളെയും സമഗ്രമായി അപഗ്രഥിച്ച് കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം മാസംങ്ങള്ക്ക് മുന്‍പ് തന്നെ ബിജെപി ആരംഭിച്ചിരുന്നു. ജില്ലാതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള മാനേജ്മെന്റ് കമ്മറ്റികള്‍ നേരത്തെ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു. ജില്ലയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രദേശത്തെയും സ്വാധീനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പൊതുകാര്യ പ്രസക്തരായവരെയുമാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മാനദണ്ഡമായി എടുത്തിരിക്കുന്നത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കും. പത്താം തിയ്യതി മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ച് തുടങ്ങും.
മറ്റ് മുന്നണികളിലുള്ള വിമത പ്രവര്‍ത്തനങ്ങളും സീറ്റ് തര്‍ക്കങ്ങളും, ആശയക്കുഴപ്പവും ബിജെപിക്കകത്തില്ല. ജില്ലയുടെ വികസന മുരടിപ്പിന് കാരണക്കാരായ ഇടത്-വലത് മുന്നണികള്‍ക്ക് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നല്‍കുമെന്ന ഉത്തമവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. സ്വാധീനമുള്ള വാര്‍ഡുകളില്‍ മാത്രം മത്സരിക്കുക എന്ന മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി സിപിഎം ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്.
ജില്ലയില്‍ ഒറ്റക്കെട്ടായാണ് ബിജെപിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.രഞ്ജിത്ത് ജന്മഭൂമിയോട് പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊന്നും തന്നെ പാര്‍ട്ടിക്കകത്തില്ല. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ അസാന്നിധ്യം സംഘടനാ സംവിധാനത്തെ കരുത്തുറ്റതാക്കിയിട്ടുണ്ട്. പുതിയ തലമുറയില്‍പെട്ട നിരവധിപേര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. ജില്ലയുടെ എല്ലാ ഭാഗത്തും പ്രകടമായ ഇത്തരം മാറ്റം കാണാന്‍ സാധിക്കും. സമാന സ്വഭാവമുള്ള സാമുദായിക സംഘടനകളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. എന്‍ഡിഎ സഖ്യകക്ഷികളായ ആര്‍എസ്പി (ബി), കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം, കേരളാ വികാസ് പാര്‍ട്ടി എന്നിവര്‍ക്ക് അര്‍ഹമായ പ്രാധിനിധ്യ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നല്‍കും.
നവമാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന നവ മധ്യമക്കൂട്ടായ്മയില് നൂറുകണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരണ് പങ്കെടുത്തത്. മാറിയ സാഹചര്യത്തില്‍ ഫെയ്സ് ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ഇതിന് വേണ്ടി ഓരോ വാര്‍ഡിലും ഒരാളെ വീതം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ വെബ് സൈറ്റ് അടുത്ത ദിവസം തന്നെ കണ്ണൂരില്‍ ആരംഭിക്കും. ഇടത്-വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആഭ്യന്ത സംഘര്‍ഷത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തട്ടിനില്‍ക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തനവുമായി ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: