സ്വന്തം ലേഖകന്‍
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപനം പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും ഇടത്-വലത് മുന്നണികള്‍ക്ക് കീറാമുട്ടിയാകുന്നു. പല സ്ഥലങ്ങളിലും ഒന്നില്‍ കൂടുതല്‍ പേര് രംഗത്ത് വന്നതും ഗ്രൂപ്പ് തിരിഞ്ഞ് മത്സരിക്കാന്‍ നീക്കം നടക്കുന്നതും 50 ശതമാനം സീറ്റുകളിലും മത്സരിക്കാന്‍ വനിതകള്‍ വേണം എന്നതുമാണ് മുന്നണികള്‍ക്കുളളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകാന്‍ വഴിയൊരുക്കിയിരിക്കുന്നത്. കൂടാതെ മുന്നണികളിലെ ഘടകകക്ഷികള്‍ സീറ്റുകള്‍ക്കു വേണ്ടി വിലപേശല്‍ ശക്തമാക്കിയതും സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രതിസന്ധിയിലാക്കുന്നത്. ബിജെപിയാവട്ടെ മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി ലിസ്റ്റുകള്‍ മേല്‍കമ്മിറ്റിക്ക് നല്‍കിയിരുന്നു. ഇനി പ്രഖ്യാപനം മാത്രമേ ആവശ്യമുളളൂ. ഇത് അടുത്ത ദിവസം തന്നെ നടക്കും. പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ മുന്നണികള്‍ക്കകത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തിലും സീറ്റുകളും അധ്യക്ഷ പദവികള്‍ പങ്കിടുന്നതിനേക്കുറിച്ചും ശക്തമായ തര്‍ക്കങ്ങള്‍ നിലിനില്‍ക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിജയിക്കുകയാണെങ്കില്‍ മേയര്‍ സ്ഥാനം വേണമെന്ന വാദം യുഡിഎഫിലെ മുഖ്യകക്ഷികളായ കോണ്‍ഗ്രസും ലീഗും ഇപ്പോഴെ പരസ്പരം ഉയര്‍ത്തിക്കഴിഞ്ഞു. മാത്രമല്ല 55 സീറ്റുകളുളള കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ഇരുകക്ഷികളും. കൂടാതെ നഗരസഭ കോര്പ്പറേഷന് ആവുകയും ഡിവിഷനുകള്‍ മാറുകയും ഭൂരിപക്ഷം സീറ്റുകളും വനിതകള്‍ക്ക് മാറ്റിവെയ്ക്കുകയും ചെയ്തതോടെ കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ വാര്‍ഡുകളെ പ്രതിനിധീകരിച്ച പലര്‍ക്കും മത്സരിക്കാന്‍ സീറ്റില്ലാത്ത സ്ഥിതിയാണ്. അധികാരം ആഗ്രഹിക്കുന്ന പലരും വാര്‍ഡ് മാറി മത്സരിക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്. ഇതും മുന്നണിക്കുളളില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തര്‍ക്കം തുടരുന്നത് കാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്.
എല്‍ഡിഎഫിലാവട്ടെ ഘടകകക്ഷികള്‍ക്കു പുറമെ ഐഎന്‍എല്‍ ,ആര്‍എസ്പി (ഇടത്),സിഎംപി അരവിന്ദാക്ഷന് വിഭാഗം, ജെഎസ്എസ് തുടങ്ങിയ കക്ഷികളും സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. സിപിഐയും ജനതാദള്‍ എസും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതും മുന്നണിക്കകത്ത് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കൂടാതെ പഴയ നഗരസഭാ പരിധിയില്‍ ചില പ്രദേശങ്ങളില്‍ സിപിഎമ്മിനോ ഘടകകക്ഷികള്‍ക്കോ പേരിനു പോലും സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ സ്ത്രീ സംവരണ വാര്‍ഡുകളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലവിലുളളത്. മേയര്‍ സ്ഥാനാര്ത്ഥിയെയുള്പ്പെടെ കണ്ടെത്തുന്നതിലും മുന്നണിക്കകത്തും സിപിഎമ്മിലും ഇതുവരെ തീരുമാനമായിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ ബിജെപി തീരുമാനിച്ചതോടെ കോര്‍പ്പറേഷനകത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പായിരിക്കുകയാണ്. പൊതു സമ്മതരായ ആളുകളെ ഉള്‍പ്പെടെ മത്സര രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപിക്ക് ശക്തമായ സ്വാധീനമുളള കോര്പ്പറേഷന് മേഖലയിലെ 10 ഓളം ഡിവിഷനുകളില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. തളാപ്പ്, കാനത്തൂര്‍, പയ്യാമ്പലം, താളിക്കാവ്, തയ്യില്‍, പടന്ന, വാരം, പളളിപ്രം, തോട്ടട, എളയാവൂര്, തിലാന്നൂര്‍, ചേലോറ തുടങ്ങിയ ഡിവിഷനുകളിലാണ് ശക്തമായ സാന്നിധ്യമായി ബിജെപി നിലകൊളളുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കണ്ണൂര്‍ നഗരസഭയിലെ പ്രാതിനിധ്യം ദേശീയതലത്തിലും കേരളത്തിലാകമാനവും ഉണ്ടായിരിക്കുന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്താനുളള തയ്യാറെടുപ്പിലാണ് കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പിന് കടിഞ്ഞാണ്‍ പിടിക്കുന്ന ബിജെപിയുടെ കണ്ണൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍. പത്രികാ സമര്‍പ്പണം ഇന്നാരംഭിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കുമ്പോഴും അഭിപ്രായ ഭിന്നതകള്‍ക്ക് പരിഹാരം കാണാനായി എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കകത്ത് അനുരജ്ഞന ചര്‍ച്ചകളും യോഗങ്ങളും സജീവമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: