പൊന്‍കുന്നം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ മുന്നണികളില്‍ സീറ്റു ചര്‍ച്ചകള്‍ സജീവമായി. വനിതാ സംവരണ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തല്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏറെ മുന്നിലെത്തി.
തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നിലവിലുള്ള ഭരണസമിതികള്‍ പ്രഹസന ഉദ്ഘാടനത്തിരക്കിലായിരുന്നു. പൂര്‍ത്തിയായ പദ്ധതികളും പൂര്‍ത്തികരിക്കാത്ത പദ്ധതികളും ഉദ്ഘാടനം നടത്തി തങ്ങളുടെ നേട്ടമാണെന്ന് വോട്ടര്‍മാരെ ധരിപ്പിക്കാന്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണസമിതികള്‍ മത്സരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന കടമ്പ ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ ബിജെപിക്കു സാധിച്ചു. സ്ഥിരമായി മത്സരിക്കുന്ന മുന്നണി നേതാക്കള്‍ ലക്ഷ്യവച്ചിരുന്ന പല സീറ്റുകളും സംവരണസീറ്റുകളായതോടെ വിഷമവൃത്തത്തിലായി.
തിരഞ്ഞെടുപ്പില്‍ ബിജെപി സജീവ സാന്നിദ്ധ്യമായതോടെ ഇരു മുന്നണി യോഗങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ചാണ് ചര്‍ച്ച. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ ആരുടേതാകുമെന്നതാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തലവേദന. എല്‍ഡിഎഫ് പാളയത്തില്‍ സ്ഥിരമായി മത്സരരംഗത്തുനിന്ന് മാറിനിന്നിരുന്ന നേതാക്കളും മൂന്നുവട്ടം പൂര്‍ത്തിയാക്കിയ വരും വീണ്ടും മത്സരിക്കണമെന്ന അവസ്ഥയിലെത്തി. അണികള്‍ കൂട്ടത്തോടെ ബിജെപിയില്‍ അംഗത്വമെടുക്കുന്നത് ഇരുമുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഇടതുവലതു മുന്നണികളുടെ അഴിമതികളും വികസന മുരടിപ്പും ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുന്നതിന് ബിജെപിക്കായി. എസ്എന്‍ഡിപിയുമായി ഉണ്ടായ വിഷയങ്ങള്‍ യുവാക്കളെ ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത് സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: