പാലാ: ടാറിംഗ് റോഡിന്റെ നടുവിലേയ്ക്ക് ഇറങ്ങി നില്ക്കുന്ന മണ്തിട്ടയോടുകൂടിയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ വാഹനയാത്രക്കാര്‍ക്ക് ഏറെ ഭീഷണിയായിമാറിയിരിക്കുകയാണെന്നും ഉടന്‍തന്നെ പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മീനച്ചില്‍ താലൂക്ക് വികസന സമിതിയോഗത്തില്‍ പരാതി. എം.ആര്. രാജുവാണ് പരാതി നല്‍കിയത്. എത്രയും വേഗം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് പാലാ പിഡബ്ലിയുഡി അസ്സി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പാലാ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
പാലാ ചക്കാമ്പുഴ രാമപുരം റോഡില്‍ പൂതക്കുഴി ഭാഗത്ത് ടാറിംഗ് റോഡപഹരിച്ചുനില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിമാറിയിരിക്കുന്നത്.
ഈ ഭാഗത്ത് ഇത്തരത്തിലുള്ള മൂന്ന് ഇലക്ട്രിക് പോസ്റ്റുകളുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ റോഡ് പാലാ മുതല്‍ കൂത്താട്ടുകുളം വരെ വീതികൂട്ടി ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തത്.
റോഡ് വീതി കൂട്ടിയ സമയത്ത് ടാറിംഗിന്റെ സൈഡില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകളാണിപ്പോഴും ടാറിംഗ് അപഹരിച്ച് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. കൂടാതെ ഈ ഭാഗം കയറ്റം കുറയ്ക്കുന്നതിന് അന്ന് ആഴത്തില്‍ മണ്ണും എടുത്തുമാറ്റിയിരുന്നു. പോസ്റ്റിനുചുറ്റും തിട്ടപോലെ നിര്‍ത്തിയിരുന്ന മണ്ണിപ്പോള്‍ ഒലിച്ചും ഇടിഞ്ഞും പോസ്റ്റ് എപ്പോള്‍ വേണമെങ്കിലും മിറഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്.
നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ പലപ്പോഴും ഈ ഭാഗത്ത് അപകടം ഉണ്ടാവുന്നതായി സമീപവാസികള്‍ പറയുന്നു. പിഡബ്ലിയുഡിയും കെ.എസ്.ഇ.ബി.യും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാത്തതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: