പൂനെ
പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാട്ടങ്കത്തിന് ഇന്ന് പൂനെയിലെ ശിവഛത്രപതി സ്റ്റേഡിയം വേദിയാകും. മഹാരാഷ്‌ട്രയില്‍നിന്നുള്ള രണ്ട് ടീമുകള്‍ മുഖാമുഖമെത്തുമ്പോള്‍ മറാത്ത വികാരത്തേക്കാള്‍ നഗരവികാരത്തിനാകും മുന്‍തൂക്കം. കഴിഞ്ഞവട്ടം അവസാന നാലിലൊന്നാകാന്‍ കഴിഞ്ഞില്ല ഇരു ടീമുകള്‍ക്കും. ഇത്തവണ ആ കോട്ടം നികത്തുക ലക്ഷ്യം.
നിക്കോളസ് അനെല്‍ക്കയെന്ന ഫ്രഞ്ച് സൂപ്പര്‍ താരമാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. മുംബൈയുടെ മാര്‍ക്വീ താരമായ അനെല്‍ക്ക കഴിഞ്ഞ സീസണിലും ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇത്തവണയും ടീമിന്റെ കുന്തമുന. ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി കൂടി ചേരുമ്പോള്‍ മുന്നേറ്റം സൂപ്പര്‍. എന്നാല്‍, ഇന്ന് ഛേത്രി ടീമിലുണ്ടാകില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതിനാല്‍ പരിശീലന ക്യാമ്പിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍. അനെല്‍ക്കയ്‌ക്കൊപ്പം ഇന്ന് ഫെഡ്രിക് പിക്വാനോയൊ, സിംഗം സുഭാഷ് സിങ്ങോ കളിച്ചേക്കും.
ആന്ദ്രോ മോറിറ്റസ് എന്ന ബ്രസീലിയന്‍ സൂപ്പര്‍ താരമാണ് മധ്യനിരയുടെ കരുത്ത്. സ്‌പെയ്‌നില്‍നിന്നുള്ള ക്രിസ്റ്റ്യന്‍ കോസ്റ്റ, ഇന്ത്യന്‍ താരങ്ങള്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ് എന്നിവരും കൂട്ട്. പ്രതിരോധത്തില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടസ് ലോപസ്, ഡാരന്‍ ഒഡിയ, ഫ്രാന്‍സ് ബെര്‍ടിന്‍സ് എന്നിവരും ഇന്ത്യന്‍ താരങ്ങള്‍ കീഗന്‍ പെരേര, കിങ്ഷുക് ദേബ്‌നാഥ്, റൗവില്‍സണ്‍ റോഡ്രിഗസ്, ലാല്‍ചുമാനിയ ഫനായി തുടങ്ങിയവരുമുണ്ട്. വല കാക്കാന്‍ സൂപ്പര്‍ താരം സുബ്രത പാല്‍.
റൊമാനിയന്‍ സൂപ്പര്‍ താരം അഡ്രിയാന്‍ മുട്ടുവാണ് പൂനെയുടെ കുന്തമുന. കാലു ഉച്ചെ, യെന്‍ഡ്രിക് റ്യൂസ് തുടങ്ങിയ വിദേശികളും മുന്നേറ്റത്തെ സമ്പന്നമാക്കും. കരുത്തുറ്റതാണ് പൂനെയുടെ മധ്യനിര. ഐവറി കോസ്റ്റ് താരം ദിദിയര്‍ സക്കോറ നയിക്കുന്ന മധ്യനിരയില്‍ ഹോളണ്ടിന്റെ വെസ്ലി വെര്‍ഹോക്, തുര്‍ക്കിയുടെ തുണാകെ സനലി, ഇന്ത്യയിലെ മികച്ച താരങ്ങളായ മലയാളിയായ സുശാന്ത് മാത്യു, ലെന്നി റോജ്രിഗസ്, ഇസ്രയല്‍ ഗുരുങ്, ജാക്കിചന്ദ് സിങ്, യൂജിന്‍സണ്‍ ലിങ്‌ദോ തുടങ്ങിയവരുണ്ട്.
ഡീഗോ കോളോട്ടോ, നിക്കി ഷോറെ എന്നീ വിദേശികള്‍ പ്രതിരോധത്തിലെ കരുത്തര്‍. ഗൗര്‍മാംഗി സിങ്, ഗുര്‍ജീന്ദര്‍ കുമാര്‍, ധര്‍മരാജ് രാവണ്‍ എന്നിവര്‍ പ്രതിരോധം സമ്പന്നമാക്കുന്നു. ഇംഗ്ലീഷുകാരന്‍ സ്റ്റീവ് സിമൊന്‍സെന്‍ ഇന്ത്യയുടെ അരിന്ദം ഭട്ടാചാര്യ എന്നിവര്‍ വല കാക്കാനുണ്ട്.
കഴിഞ്ഞ തവണ ഹോം മത്സരങ്ങളില്‍ ജയിച്ച പാരമ്പര്യമാണ് ടീമുകള്‍ക്ക്. മുംബൈയുടെ മൈതാനത്ത് എതിരില്ലാത്ത അഞ്ചു ഗോളിന് പൂനെ തകര്‍ന്നു. പൂനെയില്‍ 2-0ന് മുംബൈയും കീഴടങ്ങി.
അതെല്ലാം ചരിത്രമാക്കി പുതിയ തുടക്കത്തിനിറങ്ങുന്നു ഇരു ടീമുകളും. അവസാന നാലിലൊന്ന് ലക്ഷ്യമിട്ട് തന്ത്രങ്ങളൊരുക്കി. മുംബൈ യുഎഇയിലും, പൂനെ തുര്‍ക്കിയിലുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
















