ചെന്നൈ: കാല്‍പ്പന്തു കളിയുടെ ആവേശത്തിനു തുടക്കമിടാന്‍ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിയ ആരാധകര്‍ക്കു മുന്നില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അമിതാഭ് ബച്ചനും രജനീകാന്തുമെല്ലാം അണിനിരന്നതോടെ ആവേശം അലകടലായി.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമയായ സച്ചിന്‍ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞെത്തിയപ്പോള്‍, വിന്റേജ് കാറില്‍ ഒരു കൈയില്‍ ഫുട്‌ബോളുമായി ഗ്രൗണ്ട് വലംവച്ച് സിനിമ സ്റ്റൈലിലായിരുന്നു രജനികാന്തിന്റെ പ്രവേശനം. ഭാരതത്തിന്റെ തനത് കലാരൂപങ്ങളുടെ പ്രകടനത്തിനൊപ്പം ഇളകിമറിഞ്ഞ കാണികളെ ഹരം കൊള്ളിച്ച് ഐശ്വര്യ റായിയും ആലിയ ഭട്ടും ബോളിവുഡിലെയും കോളിവുഡിനെയും തട്ടുപൊളിപ്പന്‍ ഗാനത്തിനൊപ്പം നിറഞ്ഞാടി.
ചെന്നൈയിന്‍, കൊല്‍ക്കത്ത ടീമുകള്‍ സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ വൈകിട്ട് 5.15നാണ് ലീഗിന്റെ പുതിയ സീസണ് തുടക്കം കുറിച്ചുള്ള കലാപരിപാടികള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ദേശങ്ങളിലെ സംസ്‌കാരിക കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി ഗ്രൗണ്ടിന് പുറത്ത് പവലിയനോട് ചേര്‍ന്ന് തയാറാക്കിയ കൂറ്റന്‍ വേദിയിലെ പരിപാടികള്‍. ശിവമണിയുടെ നേതൃത്വത്തിലുള്ള ബാന്‍ഡ്‌മേളവും ചടങ്ങിന്റെ ആകര്‍ഷണം.
















