കൊച്ചി: ഇടപ്പള്ളി പോലീസ് സ്റ്റേഷനാക്രമണം എന്ന് മിത്രങ്ങളും ശത്രുക്കളും ഒപ്പം പേരുവിളിച്ച കമ്മ്യൂണിസ്റ്റ് സമരത്തിലെ നായകന്‍ കെ സി മാത്യുവിനെ കാണാന്‍ വി എസ് അച്യുതാനന്ദന്‍ എത്തിയപ്പോള്‍ അത് പഴയ രണ നിലങ്ങളിലേക്കുള്ള കാലത്തിന്റെ ഒരുതിരിച്ചു പോക്കായി. എന്നാല്‍ പഴയകാല പോരാളികളുടെ ഈ സംഗമത്തില്‍നിന്ന് സിപിഎം ജില്ലാ നേതൃത്വവും ഔദ്യോഗികവിഭാഗവും പൂര്‍ണമായും വിട്ടുനിന്നു.
ഇരു വിപ്ലവ നായകരും 90- നിപ്പറത്തൂടെ വഴി നടക്കുന്നവരാണ്. മാത്യുവിന് ഈ കഴിഞ്ഞ എട്ടിനാണ് 91 വയസ്സ് തികഞ്ഞത്. ഇടപ്പള്ളി ഉണിച്ചിറയിലെ കെ സി മാത്യുവിന്റെ വസതിയിലേക്ക് ഇന്നലെ വി എസ് എത്തുമെന്ന് തിങ്കളാഴ്ച തന്നെ അറിയിച്ചിരുന്നെങ്കിലും പഴയ സമരസഖാവിനെ കാത്തിരിക്കാനും ആശ്ലേഷിച്ച് എതിരേല്‍ക്കാനും കഴിയാത്തവിധം ഇടയ്‌ക്കിടെ ഓര്‍മ്മത്തെളിവില്‍ നിന്ന് അകലെയാണ് കുറച്ചുകാലമായി മാത്യു.
1950 ഫെബ്രുവരി 28ന് പുലര്‍ച്ചെ ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത 12 അംഗ കമ്മ്യൂണിസ്റ്റ് സംഘത്തിന്റെ ക്യാപ്റ്റനായിരുന്നു കെ സി മാത്യു. പിന്നീട്, സ്വാഭാവികമായി സ്റ്റേഷന്‍ ആക്രമണക്കേസില്‍ ഒന്നാം പ്രതി.
തുടര്‍ന്ന്, കൊടിയ മര്‍ദ്ദനത്തിന്റെ താപം തിളയ്‌ക്കുന്ന രാപ്പകലുകള്‍. കെ സി മാത്യു പിന്നീട്, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സംഘടനയുടെ സെക്രട്ടറി ജനറലായി. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രന്‍ പിള്ള മാത്രമാണ് വിഎസിനൊപ്പമെത്തിയത്.
















