ബെംഗളൂരു: ബംഗ്ലാദേശ് എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ എ ടീം കൂറ്റന്‍ ലീഡ് സ്വന്തമാക്കി. ബംഗ്ലാദേശ് എ ടീമിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 228 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതോടെ 183 റണ്‍സിന്റെ ലീഡാണ് ഇന്ത്യന്‍ എ ടീം നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിവസവും എട്ട് വിക്കറ്റും ബാക്കിനില്‍ക്കേ ബംഗ്ലാദേശിന് ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന 147 റണ്‍സ് കൂടി വേണം. 9 റണ്‍സുമായി ക്യാപ്റ്റന്‍ മൊനിമുള്‍ ഹഖും 7 റണ്‍സുമായി ലിറ്റണ്‍ ദാസുമാണ് ക്രീസില്‍.
ഇന്നലെ 161ന് ഒന്ന് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 150 റണ്‍സ് നേടി. ധവാന് പുറമെ കരുണ്‍ നായര്‍ 71ഉം വിജയ് ശങ്കര്‍ 86ഉം ശ്രേയസ്സ് അയ്യര്‍ 38 റണ്‍സ് നേടി മികച്ച ബാറ്റിങ് കാഴ്ചവെച്ചു. 146 പന്തുകളില്‍ 18 ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ നമന്‍ ഓജ 25 റണ്‍സുമായി പുറത്താകാതെ നിന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് ആദ്യ ഇന്നിംഗ്‌സിലെന്നപോലെ തകര്‍ച്ചനേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന അനമുള്‍ ഹഖിനെ ഈശ്വര്‍ പാണ്ഡെയുടെ പന്തില്‍ കരുണ്‍നായര്‍ പിടികൂടി. പിന്നീട് സ്‌കോര്‍ 21-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ ജയന്ത് യാദവിന്റെ പന്തില്‍ കരുണ്‍ നായര്‍ തന്നെ പിടികൂടി.
















