214 പ്രതികളില്‍ 38 വിദ്യാര്‍ഥികള്‍
തൊടുപുഴ: ഇടുക്കി നാര്‍ക്കോട്ടിക്സ് ബ്യൂറോ ഈ വര്‍ഷം 161 കേസുകളിലായി 214 പ്രതികളെയാണ് പിടികൂടിയത്. ഈ പ്രതികളില്‍ 38 പേര് വിദ്യാര്‍ഥികളാണ്. പിടിയിലായ വിദ്യാര്‍ഥികളില്‍ ഏറിയ പങ്കും ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. പ്രധാനപ്പെട്ട കഞ്ചാവ് കടത്തുകാരെ പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇപ്പോള്‍ വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും നേതൃത്വത്തിലുളള സംഘം രംഗത്തിറങ്ങിയിരിക്കുന്നത് നാര്‍കോട്ടിക്് സെല്ലിനു വീണ്ടും തലവേദനയായിരിക്കുകയാണ്. തമിഴ്നാടിന്റെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ 600 കിലോയോളം കഞ്ചാവാണ് ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും, ഒഡീഷയില്‍ നിന്നും എത്തിച്ചിരിക്കുന്ന ഈ കഞ്ചാവ് ഇടുക്കിയില്‍ നിന്നും ഉല്പാദിപ്പിച്ചതാണ് എന്നു പറഞ്ഞാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്. ഇടുക്കി ജില്ലയുടെ തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടി ഇവിടെയെത്തിക്കുന്ന കഞ്ചാവ് വീണ്ടും തമിഴ്നാട്ടില്‍ തിരികെ എത്തിച്ച് വന്‍ വിലക്കാണ് കച്ചവടം നടത്തുന്നത്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി, ബത്തലുഗുണ്ട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിപണിയുടെ പ്രധാന മാര്‍ക്കറ്റുകള്‍. ഈ സ്ഥലങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് കച്ചവടം. കമ്പത്തെ ഒരു പ്രധാന കോളനി കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവു ഇടപാടുകള്‍ ഞെട്ടിക്കുന്നതാണെന്നു നാര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വില്പനക്കാരായ കുട്ടികളും സ്ത്രീകളും കഞ്ചാവ് ലഹരിക്ക് അടിമകളാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ഇവിടെ ചെറുപ്രായക്കാരാണ് വ്യാപാരത്തിന്റെ ഇടനിലക്കാര്‍. ഇവിടെ എത്തി കഴിഞ്ഞാല്‍ വഴിയോര കഞ്ചാവു കച്ചവടക്കാര്‍ ആവിശ്യക്കാരെ വളഞ്ഞുപിടിക്കും. വലിയ ഇടപാടുകള്ക്കെത്തിയാല് കച്ചവടക്കാര്‍ തമ്മില്‍ വഴക്കുണ്ടാകും. ഇവിടെ നിന്നും വാങ്ങി അതിര്‍ത്തിയില്‍ എത്തുമ്പോള്‍ എതിര് സംഘങ്ങള്‍ പലപ്പോഴും ഒറ്റി കൊടുക്കും. ഇങ്ങനെയാണ് പല ഇടപാടുകളും പിടികൂടുന്നതെന്നും നാര്‍കോട്ടിക്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കിട്ടാതെയായതോടെ കഞ്ചാവ് കടത്തിനു പുതിയ മാര്‍ഗങ്ങള്‍ തിരയുകയാണ് മാഫിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: