ചെന്നൈ: വിമാനത്താവളത്തിലെത്തിയ ഡിഎംകെ മുന്‍ എംപിയില്‍ നിന്നും തോക്ക് പിടിച്ചെടുത്തു. സ്വകാര്യവിമാനത്തില്‍ മധുരയിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് മുന്‍ ലോക്‌സഭാ അംഗമായ എസ് ആര്‍ ജയദുരൈയുടെ കയ്യില്‍ നിന്നും തോക്കും എട്ട് വെടിയുണ്ടകളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
സ്‌ക്രീനിങ്ങിനിടെയാണ് ഹാന്‍ഡ് ബാഗിനുള്ളില്‍ തോക്കുള്ളതായി കണ്ടത്. നിയമം അനുസരിച്ച് വിമാനത്തില്‍ തോക്ക് കൊണ്ടുപോകാന്‍ പാടില്ല. ആയുധത്തെപ്പറ്റി ജയദുരൈ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നില്ല.
അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ തന്റെ പേരില്‍ ലൈസന്‍സ് ഉള്ള തോക്കാണതെന്നും അത് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ തോക്ക് കുടുംബത്തിലെ ഒരാളെ ഏല്‍പ്പിച്ച ശേഷം ജയദുരൈ മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നു.
















