സാന്‍ജോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികതയുടെ ആസ്ഥാനമായ സിലിക്കണ്‍ വാലി എല്ലാ അര്‍ത്ഥത്തിലും കീഴടക്കി. അമേരിക്കയിലെ വന്‍കിട സ്ഥാപനങ്ങള്‍ ഭാരതത്തിലേക്ക് വന്‍ നിക്ഷേപ-സഹകരണ പ്രഖ്യാപനങ്ങള്‍ നടത്തി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് വമ്പിച്ച പിന്തുണ അറിയിച്ചു. രാജ്യത്തിന് എന്തുകൊണ്ടും വന്‍ നേട്ടമായി സിലിക്കണ്‍ വാലിയില്‍ 33 വര്‍ഷത്തിനു ശേഷം ഒരു ഭാരത പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഉടന്‍ ഭാരതം സാങ്കേതിക കാര്യത്തില്‍ ചൈനയെ മറികടക്കുമെന്നും വൈകാതെ ഈ രംഗത്ത് ലോകനേതാവാകുമെന്നും വിദഗ്‌ദ്ധര്‍ വിലയിരുത്തി.
ഭാരതത്തിലെ അഞ്ചു ലക്ഷം ഗ്രാമങ്ങളില്‍ കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുമെന്ന് ആഗോള ഐടി കമ്പനി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പദ്ധതിയെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. സിലിക്കണ്‍വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു നാദെല്ല.
രാജ്യത്തെ 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈ ഫൈ സൗകര്യമൊരുക്കുമെന്ന് ഗൂഗിളും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 150 മില്യണ്‍ ഡോളര്‍ നിക്ഷേപം ക്വാല്‍കോമും യോഗത്തില്‍ പ്രഖ്യാപിച്ചു. ഭാരതത്തെ നിര്‍മാണ ഹബ്ബായി പരിഗണിക്കുമെന്ന് ആപ്പിളും പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കി. വിവിധ കമ്പനികളുടെ മേധാവികളുമായി സിലിക്കണ്‍വാലിയില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഭാരത സര്‍ക്കാരുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യമൊരുക്കുക. ഇതിലൂടെ ഭാരതത്തില്‍ ഡാറ്റ സെന്ററുകള്‍ തുറക്കും. അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നും സത്യ നാദെല്ല പറഞ്ഞു. ഇതിലൂടെ സര്‍ക്കാര്‍, സ്വകാര്യ ഡാറ്റകളുടെ സുരക്ഷിതത്വം ഉറപ്പാക്കും. കൂടുതല്‍ സാങ്കേതിക മികവ്, സുരക്ഷ, ഉത്പാദനക്ഷമത എന്നിവ വര്‍ധിക്കും.
മെയ്‌ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ഭാരതം കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍, ഇവിടത്തെ സാങ്കേതിക മേഖലയില്‍ സുരക്ഷിതത്വം, പരമാധികാരം, സ്വകാര്യത എന്നിവ ഉറപ്പുവരുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും നാദെല്ല വ്യക്തമാക്കി. മനുഷ്യവിഭവശേഷിയും, ലോകോത്തര നിലവാരത്തിലുള്ള വ്യവസായികളും ഭാരതത്തെ മുന്‍നിരയില്‍ എത്തിക്കുമെന്ന് യോഗത്തിനു ശേഷം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മോദിയുടെ വീക്ഷണം കൃത്യമാണെന്നും ശരിയായ രീതിയിലാണ് അദ്ദേഹം അജണ്ടകള്‍ തീരുമാനിക്കുന്നതെന്നും നാദെല്ല വിശദീകരിച്ചു.
രാജ്യത്തെ 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിളുമായി ചേര്‍ന്ന് വൈഫൈ ഒരുക്കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷമാണ് പ്രഖ്യാപനം. വയര്‍ലെസ് സേവനദാതാക്കളായ ക്വാല്‍കോം ഭാരതത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാന്‍ 150 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് നീക്കിവെച്ചത്. ഭാരതത്തെ ഡിജിറ്റല്‍ ശാക്തീകൃത സമൂഹമാക്കാനും സാങ്കേതിക സ്രോതസാക്കാനുമാണ് ലക്ഷ്യമെന്നും മോദിയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം ക്വാല്‍കോം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ഇ. ജേക്കബ്‌സ് പറഞ്ഞു.
ഭാരതത്തില്‍ നിര്‍മാണ ഹബ് ആരംഭിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തിന് ആപ്പിളിന് അനുകൂല പ്രതികരണം. ഭാരതത്തില്‍ നിന്ന് ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തോട് ആപ്പിള്‍ സിഇഒ ടിം കുക്ക് അനുകൂലമായി പ്രതികരിച്ചുവെന്ന് ഭാരത വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പാദക യൂണിറ്റ് ഫോക്‌സ്‌കോണ്‍ ആകും ഭാരതത്തിലെത്തുകയെന്നും അതിനുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വികാസ് സ്വരൂപ് അറിയിച്ചു.
















