മാഡ്രിഡ്: കഴിഞ്ഞ ദിവസം സെല്‍റ്റ ഡി വിഗോയോടേറ്റ പരാജയത്തില്‍ മുക്തിതേടിയിറങ്ങിയ ബാഴ്‌സലോണക്ക് സ്പാനിഷ് ലീഗില്‍ വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലാസ് പല്‍മാസിനെ കറ്റാലന്‍ പട കീഴടക്കി. ഉറുഗ്വെയ്ന്‍ സൂപ്പര്‍താരം ലൂയി സുവാരാസിന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സക്ക് വിജയം സമ്മാനിച്ചത്. 25, 54 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഇരട്ട പ്രഹരം. 88-ാം മിനിറ്റില്‍ വെയ്‌റ റാമോസാണ് ലാസ് പല്‍മാസിന്റെ ആശ്വാസഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി നെയ്‌മര്‍ നഷ്ടപ്പെടുത്തി.
അതേസമയം സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് മത്സരത്തിനിടെ പരിക്കേറ്റത് ബാഴ്‌സക്ക് കനത്ത തിരിച്ചടിയായി. കളിയുടെ പത്താം മിനിറ്റില്‍ മെസ്സി കളിക്കളത്തില്‍ നിന്ന് തിരിച്ചുകയറി. വിജയത്തോടെ ബാഴ്‌സലോണ 6 കളികളില്‍ നിന്ന് 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ മലാഗയാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്. കാമറൂണ്‍കാരനായ മലാഗയുടെ ഗോള്‍ കീപ്പറാണ് ബാറിന് കീഴില്‍ അവിശ്വസനീയ പ്രകടനമായി റയലിനെതിരെ നിറഞ്ഞുനിന്നത്. റൊണാള്‍ഡോയുടെ അടക്കം മൂന്നിലേറെ ഉറച്ച ഗോളവസരങ്ങളാണ് കാര്‍ലോസ് കാമേനി തട്ടിത്തെറിപ്പിച്ചത്. കളിയുടെ 69 ശതമാനം പന്ത് കൈവശം വച്ചിട്ടും 31 ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് പായിച്ചിട്ടും ഒരിക്കല്‍ പോലും മലാഗ വല കുലുക്കാന്‍ ക്രിസ്റ്റിയനോ ഉള്‍പ്പെട്ട താരനിരക്ക് കഴിഞ്ഞില്ല.
ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഗോളടിക്കാന്‍ കഴിയാതെ റൊണാള്‍ഡോ ഉഴറിയത്. അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ റൊണാള്‍ഡോ ഗോളടിക്കാതിരുന്നിട്ടും ടീമിനെ വിജയത്തിലേക്ക് നയിച്ച കരിം ബെന്‍സേമക്കും ഇന്നലെ നിര്‍ഭാഗ്യത്തിന്റെ ദിനമായിരുന്നു. 77-ാം മിനിറ്റില്‍ മലാഗ താരം നോര്‍ദിന്‍ അമ്രാബട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. അതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. കളിക്കിടെ രണ്ട് തവണ മലാഗയുടെ പോസ്റ്റില്‍ റയല്‍ പന്തെത്തിച്ചെങ്കിലും ഓഫ്‌സൈഡായി. സമനില പാലിക്കേണ്ടിവന്നതോടെ റയല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
മറ്റൊരു കളിയില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ 1-0ന് പരാജയപ്പെടുത്തിയ വിയ്യാറയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് കളികൡ നിന്ന് 16 പോയിന്റാണ് അവര്‍ക്കുള്ളത്. അത്‌ലറ്റികോ മാഡ്രിഡിനെതിരായ കളിയുടെ 14-ാം മിനിറ്റില്‍ കാരിലോ ബാപ്റ്റിസ്റ്റാറ്റോയാണ് വിയ്യാറയലിന്റെ വിജയഗോള്‍ നേടിയത്.
















