മുംബൈ: ശശാങ്ക് മനോഹര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായേക്കുമെന്ന് സൂചനകള്‍. ബിസിസിഐ പ്രസിഡന്റായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരുന്നത്. 2008 മുതല്‍ 2011 വരെ ബിസിസിഐ പ്രസിഡണ്ടായിരുന്നു ശശാങ്ക് മനോഹര്‍. ഇത് സംബന്ധിച്ച് ശരദ് പവാറും അരുണ്‍ ജെയ്റ്റ്‌ലയും ധാരണയായായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ ആഴ്ച ആദ്യം എന്‍. ശ്രീനിവാസനും ശരദ് പവാറും തമ്മില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നു. താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനില്ല എന്ന് ശ്രീനിവാസന്‍ പവാറിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് ബിസിസി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തി ശശാങ്ക് മനോഹറിന്റെ പേര് മുന്നോട്ട് വെച്ചത്.
അഴിമതിയുടെ കറപുരളാത്ത ഒരാളെ പ്രസിഡന്റായി വേണമെന്ന ധാരണയിലാണ് ജെയ്റ്റ്‌ലിയും പവാറും എത്തിയതെന്നാണ് അറിയുന്നത്. ഇതാണ് ശശാങ്ക് മനോഹറിന്റെ സാധ്യതകള്‍ കൂട്ടിയതും.
അതേസമയം ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്തേക്ക് അമിതാഭ് ചൗധരിയുടെ പേരാണ് പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല മുന്നോട്ട് വെക്കുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
















