ചന്ദ്രവംശ രാജാവ് ശന്തനുവിന് ഗംഗാദേവിയില്‍ ജനിച്ച പുത്രനാണ് ഭീഷ്മര്‍. ദേവവൃതനെന്നും പേരുണ്ട്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ചു. യുവരാജാവായി അഭിഷേകം ചെയ്തുവെങ്കിലും രാജ്യാവകാശം അച്ഛനുവേണ്ടി ത്യജിച്ച് നിത്യബ്രഹ്മചാരിയായി തീരുകയായിരുന്നു. ശന്തനുവിന് സത്യവതിയില്‍ ജനിച്ച ചിത്രാംഗദനും പിന്നീട് വിചിത്രവീര്യനും രാജാവായി.
കാശി രാജപുത്രിമാരായ അംബ, അംബിക, അംബാലിക എന്നിവരെ ഈ രാജകുമാരന്മാര്‍ക്കുവേണ്ടി ഭീഷ്മര്‍ തേരില്‍ കയറ്റി ബലാല്‍ക്കരേണ ഹസ്തിനപുരത്ത് കൊണ്ടുവന്നെങ്കിലും അംബയുടെ അഭ്യര്‍ത്ഥനപ്രകാരം അവളെ സ്വതന്ത്രയാക്കി. അംബയുടെ കാമുകന്‍ അവളെ സ്വീകരിക്കാതെ വന്നപ്പോള്‍ ഭീഷ്മരോട് പകരം വീട്ടുമെന്നും അംബ പ്രതിജ്ഞ ചെയ്തു.
വിചിത്രവീര്യന്‍ മരണമടഞ്ഞപ്പോള്‍ വംശം നിലനിര്‍ത്താന്‍ വ്യാസനെ ഭീഷ്മര്‍ വരുത്തുകയായിരുന്നു. അംബികക്കും അംബാലികക്കും വ്യാസനില്‍നിന്നും ജനിച്ച പുത്രന്മാര്‍ ആണ് ധൃതരാഷ്‌ട്രരും പാണ്ഡുവും. കുരുവംശ രാജാക്കന്മാരുടെ ഉപദേഷ്ടാവായിരുന്നു ഭീഷ്മര്‍. ഭാരതയുദ്ധത്തില്‍ കൗരവ പക്ഷത്ത് നിന്നും സേനയെ നയിക്കേണ്ടിവന്നു.
ശിഖണ്ഡി എന്ന നപുംസകയുമായി ജനിച്ച അംബയുമായി യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച ഭീഷ്മര്‍ അര്‍ജുന ശരമേറ്റ് വീഴുകയായിരുന്നു. സ്വച്ഛന്ദ മൃത്യുവായ ഭീഷ്മര്‍ ശരശയ്യയില്‍ കുറച്ചുകാലം കാത്തുകിടന്നു. ദക്ഷിണായനത്തില്‍ ആണ് അദ്ദേഹം അന്തരിച്ചത്.
















