സിംല: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെതിരെ സിബിഐ കേസെടുത്തു. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ വീരഭദ്രസിങ് കേന്ദ്രമന്ത്രിയായിരിക്കെ 6.1 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം.
വീരഭദ്രസിംഗിന്റെ ഔദ്യോഗിക വസതിയില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നടത്തിയ റെയ്ഡില്‍ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
വീരഭദ്ര സിങിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭാ സിങ്, മകന്‍ വിക്രമാദിത്യ സിങ്, മകള്‍ അപരാജിത സിങ്, എല്‍ഐസി ഏജന്റായ ആനന്ദ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. ഹിമാചലിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് വീരഭദ്രസിങ്. അദ്ദേഹത്തിന്റെ ഭാര്യ, മാണ്ഡിയില്‍നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗമാണ്.
നേരത്തെയും വീരഭദ്രസിംഗ് നിരവധി അഴിമതി കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്.
















