മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം സെല്‍റ്റ ഡി വീഗോയില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് മുക്തിനേടി ബാഴ്‌സ ഇന്ന് കളത്തില്‍. ദുര്‍ബലരായ ലാസ് പല്‍മാസാണ് ഇന്ന് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ് ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങും. മലാഗയാണ് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന കളിയിലെ എതിരാളികള്‍.
കഴിഞ്ഞ ദിവസം സെല്‍റ്റയോടേറ്റ 4-1ന്റെ പരാജയം നിലവിലെ ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സയെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബാഴ്‌സയുടെ ഏറ്റവും ദയനീയ പരാജയമായിരുന്നു ഇത്. ഈ പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായി വിജയം മാത്രം ലക്ഷ്യമിട്ടാകും ബാഴ്‌സ ഇന്ന് സ്വന്തം തട്ടകമായ നൗകാമ്പില്‍ ഇറങ്ങുക. സൂപ്പര്‍താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റ, ലയണല്‍ മെസ്സി, സുവാരസ്, നെയ്‌മര്‍ എന്നിവര്‍ നിറം മങ്ങിയതും അവസരങ്ങള്‍ തുലച്ചുകളഞ്ഞതുമായിരുന്നു കഴിഞ്ഞ ദിവസം കറ്റാലന്‍ പടയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ഇന്ന് സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ബാഴ്‌സക്ക് ഗുണം ചെയ്യും.
അഞ്ച് കളികളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രമുള്ള ലാസ് പല്‍മാസ് 12-ാം സ്ഥാനത്താണ്. ബാഴ്‌സക്ക് 12 പോയിന്റാണുള്ളത്. അതേസമയം മറ്റൊരു കളിയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് മലാഗയുമായി കളിക്കും. അഞ്ച് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള മലാഗ 19-ാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നിന്ന് റയലിന് 13 പോയിന്റാണുള്ളത്.
















