കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരയില്‍ നിന്ന് ബിസിസിഐ പിന്മാറിയാല്‍ ഇന്ത്യന്‍ ടീമിനെ ബഹിഷ്‌ക്കരിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. കൂടാതെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് ഭീഷണി. പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായി നടത്താന്‍ നിശ്ചയിച്ചി പരമ്പരയില്‍ നിന്ന് ടീം ഇന്ത്യ പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് കടുപ്പിച്ചതെന്നാണു വിവരങ്ങള്‍.
ഡിസംബറില്‍ നടത്തേണ്ട പരമ്പയ്‌ക്കായി ഇതുവരെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാന്‍ പോലും ബിസിസിഐ തയ്യാറാകാത്തത് നിരാശാജനകമാണെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഓഗസ്റ്റ് 28ന് ബിസിസിഐക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി കത്ത് കിട്ടിയിട്ടില്ല.
പരമ്പയ്‌ക്ക് താല്‍പര്യമുണ്ടോ ഇല്ലയോ എന്നും അറിയിച്ചിട്ടില്ല. ഇനി പരമ്പരയ്‌ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കാതിരിക്കുകയും പരമ്പരയില്‍നിന്ന് പിന്‍മാറുകയും ചെയ്താല്‍ കരാറില്‍ നിന്ന് പിന്‍മാറിയതിന് ബിസിസിഐയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് അവകാശമുണ്ടെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസാനശ്രമമെന്ന നിലയിലാണ് ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
















