ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖരുടെ നിരയും. ബീഹാറിനെ ഇളക്കി മറിച്ച് വമ്പന്‍ പ്രചാരണ പരിപാടിയിലൂടെ നിതീഷ്-ലാലു-കോണ്‍ഗ്രസ് അവസരവാദ സഖ്യത്തെ തറപറ്റിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ പദ്ധതി.
സിനിമാ താരവും രാഷ്‌ട്രീയ ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടിയുടെ ‘പ്രശസ്തരുടെ താരനിര’യെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് നയിക്കും.
കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി തുടങ്ങി 40 പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചുകഴിഞ്ഞു. ഇവരുടെ പ്രചാരണ ദിവസങ്ങളും സ്ഥലങ്ങളും ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് എന്നിവരും പ്രചാരണത്തിന് ബീഹാറിലെത്തും. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കാണ് ഏറ്റവും കൂടുതല്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയാലുടന്‍ ബീഹാര്‍ പ്രചാരണത്തിലേക്കും തിരിയും.
ഇന്റര്‍നെറ്റ് വോട്ട്
പാറ്റ്‌ന: ചില പ്രമുഖ പത്രങ്ങളുടെ ബീഹാര്‍ തെരഞ്ഞെടുപ്പിലെ സൂചനയായ ഇന്റര്‍നെറ്റ് വോട്ടിങ്ങളില്‍ ബിജെപി സഖ്യത്തിനു തകര്‍പ്പന്‍ ഭൂരിപക്ഷം. അനുനിമിഷം ആര്‍ക്കും വോട്ടുചെയ്യാവുന്ന സൈറ്റില്‍ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപി സഖ്യത്തിനാണ്.
എന്‍ഡിഎയ്‌ക്ക് 71 ശതമാനം വരെ ഈ വോട്ടെടുപ്പില്‍ പിന്തുണ കിട്ടുമ്പോള്‍ ജെഡിയുവിന്റെ മഹാസഖ്യത്തിന് 23 ശതമാനമാണ് പിന്തുണ. വോട്ടുചെയ്യുന്നവരുടെ എണ്ണം അതിവേഗം കൂടുന്നുവെങ്കിലും പലതിലും വോട്ടു ശതമാനത്തില്‍ കാര്യമായ വ്യത്യാസം മുന്നണികള്‍ തമ്മില്‍വരുന്നില്ല.
















