മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിന് വിജയത്തുടര്‍ച്ച. കഴിഞ്ഞ ദിവസം ഐബറിനെ 2-0ന് പരാജയപ്പെടുത്തിയ അത്‌ലറ്റികോ ഇന്നലെ പുലര്‍ച്ചെ നടന്ന കളിയില്‍ ഗറ്റാഫെയെ ഇതേ സ്‌കോറിന് കീഴടക്കി. അന്റോണിയോ ഗ്രിസ്മാനാണ് അത്‌ലറ്റികോയുടെ രണ്ട് ഗോളുകളും നേടിയത്. കളിയുടെ നാലാം മിനിറ്റിലും 90-ാം മിനിറ്റിലുമാണ് ഗ്രിസ്മാന്‍ എതിര്‍വലയിലേക്ക് നിറയൊഴിച്ചത്. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് 12 പോയിന്റുമായി അത്‌ലറ്റികോ ഒന്നാമതെത്തി.
മറ്റൊരു കളിയില്‍ റയല്‍ സോസിഡാഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്‌സിയെ കീഴടക്കി. ഇമനോള്‍ അഗിരെറ്റക്‌സിന്റെ ഹാട്രിക്കാണ് കളിയിലെ സവിശേഷത. 7, 33, 79 മിനിറ്റുകളിലായിരുന്നു അഗിരെറ്റക്‌സിന്റെ ഹാട്രിക്ക്.
മറ്റൊരു മത്സരത്തില്‍ എസ്പാനിയോള്‍ കരുത്തരായ വലന്‍സിയയെ അട്ടിമറിച്ചു. 18-ാം മിനിറ്റില്‍ ആല്‍വാരസ് ഡെല്‍ഗാഡോയാണ് എസ്പാനിയോളിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ എസ്പാനിയോള്‍ അഞ്ച് കളികളില്‍ നിന്ന് 9 പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് പോയിന്റുള്ള വലന്‍സിയ എട്ടാം സ്ഥാനത്താണ്.
















