764. ബീജമന്ത്രസ്വരൂപിണീ- ബീജമന്ത്രം സ്വരൂപമായവള്‍. ഒരു മന്ത്രത്തിന്റെ ചൈതന്യകേന്ദ്രമായ അക്ഷരമാണു ബീജമന്ത്രം. ബീജമന്ത്രത്തെ മന്ത്രദേവതയുടെ ജീവനായി കണക്കാക്കുന്നു. ബീജത്തില്‍നിന്നു വൃക്ഷം മുളച്ചുവരുന്നതുപോലെ ബീജമന്ത്രത്തില്‍നിന്നു മന്ത്രചൈതന്യം പടര്‍ന്നുവളര്‍ന്നു ഫലിക്കുന്നതിനാല്‍ ബീജമന്ത്രം എന്നും മന്ത്രബീജമെന്നും പേര്. ശ്രീം, ഹ്രീം, ക്ലീം എന്നിവ ഉദാഹരണം. അങ്ങനെയുള്ള ബീജമന്ത്രത്തെ ദേവിയുടെ സ്വരൂപമായി പറയുമ്പോള്‍ എല്ലാ മന്ത്രങ്ങളുടെയും ചൈതന്യം ദേവിയില്‍ നിന്നുണ്ടാകുന്നുവെന്നും അവയുടെ പ്രപഞ്ചമാകെയുള്ള വ്യാപ്തിയാണു പ്രപഞ്ചപ്രവര്‍ത്തനമെന്നും നിര്‍ദ്ദേശിക്കുന്നു.
765. ക്ലീംകാരിണീ- ‘ക്ലീം’ എന്ന മന്ത്രാക്ഷരം രൂപമായവള്‍, ക്ലീംകാരത്തിനു കാരണമായവള്‍. ക്ലീംകാരം കാമരാജ ബീജമാണ്. അതിലെ ‘ക്ല്’എന്ന ഭാഗം ശിവനെയും ‘ഈം’എന്ന ഭാഗം ശക്തിയെയും കുറിക്കുന്നു. ശിവശക്തികളുടെ ഐക്യം രൂപമായ ക്ലീംകാരം മൂകാംബികാദേവിയുടെ ശിവശക്തിരൂപമായ ശരീരമാണെന്ന് ഒരു വ്യാഖ്യാനം.
ക്ലീം കാരത്തിനു കാരണവും ശിവശക്തികള്‍ക്കു പരയും ആയ പരാശക്തിയാണു മൂകാംബിക എന്നു മറ്റൊരു വ്യാഖ്യാനം.
766. കാമരാജമന്ത്രബീജാത്മികാ പരാ- കാമരാജ മന്ത്രത്തിന്റെ ബീജമായി രൂപംപൂണ്ട പരാശക്തി. എല്ലാ മന്ത്രങ്ങളും ദേവിയുടെ ചൈതന്യമാണ് ഉള്‍ക്കൊള്ളുന്നത്. ശിവശക്തികളുടെ ഐക്യം രൂപമായ ക്ലീംകാരം പരാശക്തിയാണെന്നു മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. ശിവനും ശക്തിയുമായി ദ്വന്ദ്വഭാവത്തിലും ശിവശക്തികളുടെ അഭേദ്യമായ ഐക്യം രൂപമായ കാമരാജബീജമായും എല്ലാത്തിനും കാരണവും സര്‍വാതീതവുമായ പരശക്തിയായി വര്‍ത്തിക്കുന്ന ക്ലീംകാരത്തെ നാമം നിര്‍ദ്ദേശിക്കുന്നു.
















